GuidePedia


വൃത്തിയായി കഴുകിയെടുത്താല്‍ പച്ചക്കറികളുടെ പുറത്തുള്ള കീടനാശിനി വിഷാംശം കുറേയെങ്കിലും കളയാമെന്നാണ് നമ്മുടെ വിശ്വാസം. വിഷത്തിന്റെ തോത് കുറവാണെങ്കില്‍ ഈ വിശ്വാസം ഒട്ടൊക്കെ ശരിയാണുതാനും. എന്നാലിപ്പോള്‍ മരുന്നടിക്കാരുടെ പുതിയ വിദ്യയുണ്ട്. അത് നമ്മുടെ കഴുകലിനെ തോല്പിക്കും. ഒരുതരം പശയുപയോഗിച്ചാണ് കീടനാശിനി പ്രയോഗം. പാടത്ത് വിളകളില്‍ അടിക്കുന്ന മരുന്ന് മഴയത്തോ മറ്റോ ഒലിച്ചുപോകരുതല്ലോ. അതിനാണ് പശ ചേര്‍ക്കുന്നത്. ഫലമോ, വിഷം പച്ചക്കറിയില്‍ത്തന്നെ പറ്റിയിരിക്കും. മാര്‍ക്കറ്റില്‍ വരുമ്പോഴും നമ്മള്‍ വാങ്ങുമ്പോഴും അതുണ്ടാകും. നമ്മുടെ കഴുകല്‍ തോല്‍ക്കുകയും ചെയ്യും.
തമിഴ്‌നാട്ടിലെ കമ്പം, തേനി, പാളയം, കസ്ബ, തേവാരം, കാമാക്ഷിപുരം, ഗൂഡല്ലൂര്‍ തുടങ്ങിയ ഇടങ്ങളില്‍നിന്ന് കേരളത്തിലേക്ക് കൊണ്ടുവരുന്ന പഴങ്ങളില്‍ മാരകമായ വിഷസാന്നിധ്യമുള്ളതായി തെളിഞ്ഞിട്ടുണ്ട്. വിത്ത് പാകുന്നതുമുതല്‍ വിളവെടുക്കുന്നതുവരെ നടത്തുന്ന കീടനാശിനി പ്രയോഗത്തിന് ഒരു നിയന്ത്രണവുമില്ല. വിളവെടുത്തുകഴിഞ്ഞാലും അതില്‍നിന്ന് മോചനമില്ല എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. വിളവെടുത്ത പച്ചക്കായ പെട്ടെന്ന് പഴുക്കാനും പഴുത്തത് അഴുകിപ്പോകാതിരിക്കാനും വീണ്ടും വിഷപ്രയോഗം നടത്തുന്നു.
വിത്തുമുളയ്ക്കാന്‍ രാസവസ്തു, മുളച്ച ചെടി വളരാന്‍ രാസവസ്തു, പൂവിടാന്‍ രാസവസ്തു, പൂവ് കൊഴിയാതിരിക്കാന്‍ രാസവസ്തു, കായ്ക്കാന്‍ രാസവസ്തു, കായ വളരാന്‍ രാസവസ്തു, പഴുപ്പിക്കാന്‍ രാസവസ്തു, അഴുകാതിരിക്കാന്‍ രാസവസ്തു...... അങ്ങനെ ചെടിയുടെ ജീവിതചക്രം മുഴുവന്‍ രാസമയം. ഉപയോഗിക്കുന്നവര്‍ എങ്ങനെ രോഗികളാകാതിരിക്കും? 

മരുന്നടി ഉത്സവം


പച്ചക്കറിയിലും പഴങ്ങളിലും നിരോധിച്ച കീടനാശിനികളുടെ സാന്നിധ്യമുള്ളതായി ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്. അനുവദനീയമായതിന്റെ നൂറുകണക്കിന് ഇരട്ടി അളവിലാണ് കീടനാശിനി പ്രയോഗം. അവരുടെ പഠനത്തില്‍ വഴുതനയിലാണ് ഇതേറ്റവും കൂടുതല്‍ കണ്ടത്. അനുവദിച്ചതിന്റെ 860 ശതമാനത്തിലേറെയാണ് വഴുതനയിലെ കീടനാശിനി സാന്നിധ്യം. കോളിഫ്ലവറിലും കാബേജിലും സമാനമായരീതിയില്‍ കീടനാശിനി വിഷമുണ്ട്.
ആപ്പിളിലും ഓറഞ്ചിലും നിരോധിത കീടനാശിനിയുടെ അളവ് അനുവദിക്കപ്പെട്ടതിലും 140 ശതമാനം കൂടുതലാണ്. പഴങ്ങള്‍ മെഴുക് പുരട്ടി ഭംഗിയാക്കുന്നത് അടുത്തകാലത്തുള്ള സമ്പ്രദായം. സാധാരണ കഴുകലില്‍ ആ രാസവസ്തുവിന്റെ സാന്നിധ്യം പോകുന്നില്ല. കോളിഫ്ലവര്‍, കാബേജ് തുടങ്ങിയവയില്‍ അഞ്ചുദിവസത്തിലൊരിക്കലാണ് കീടനാശിനി തളിക്കുന്നത്. വിളവെടുക്കാന്‍ അഞ്ചുമാസം വേണ്ട കാരറ്റില്‍ 53 തവണയാണ് മരുന്നടിക്കുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. എങ്ങനെ വിഷം ഉള്ളില്‍ ചെല്ലാതിരിക്കും? പലകൃഷികള്‍ ഒന്നിച്ചുനടത്തുന്ന ചില തോട്ടങ്ങളുണ്ട്, തമിഴ്‌നാട്ടിലും കര്‍ണാടകയിലും. മരുന്നുതളിയും ഒന്നിച്ചുതന്നെ. താരതമ്യേന വളരെക്കുറച്ചുമാത്രം കീടനാശിനി ആവശ്യമായ വിളയ്ക്ക്്, ഇതിനാല്‍ എത്രയോ കൂടുതല്‍ അളവില്‍ കീടനാശിനി പ്രയോഗം ഏല്‍ക്കേണ്ടിവരും.
കേരളം ഉപയോഗിക്കുന്നതില്‍ എഴുപതുശതമാനം പച്ചക്കറികളും അന്യസംസ്ഥാനങ്ങളില്‍നിന്ന് വരുന്നതാണ്. മുപ്പതുശതമാനമാണ് ഇവിടത്തെ ഉത്പാദനം. അതില്‍ ചേന, ചേമ്പ്, മരച്ചീനി, കുമ്പളം, മത്തന്‍, കൂര്‍ക്ക, കാച്ചില്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു. കൃഷിവകുപ്പിന്റെയും കാര്‍ഷിക സര്‍വകലാശാലയുടെയും പരിശോധനയില്‍ വിഷരഹിതമായി കണ്ടത് ഏറെയും ഇവയുടെ സാമ്പിളുകള്‍.

കീടനാശിനി കോക്ക്‌ടെയില്‍


തമിഴ്‌നാട്ടിലെയും കര്‍ണാടകത്തിലെയും കര്‍ഷകര്‍ ഇപ്പോള്‍ രണ്ടും മൂന്നും കീടനാശിനികളുടെ കോക്ക്‌ടെയ്‌ലുകളാണ് ഉപയോഗിക്കുന്നത്. ഒരിനം കീടനാശിനി പ്രയോഗിച്ച്, കീടങ്ങള്‍ അതിന്റെ മേല്‍ പ്രതിരോധം നേടിയതിനാലാണ് കോക്ക്‌ടെയില്‍ പ്രയോഗം. ഉദാഹരണത്തിന്, സൈപ്പര്‍മെത്രിന്‍, െപ്രാഫെനോഫോസ്, മോണോക്രോട്ടോഫോസ് എന്നീ മൂന്ന് കീടനാശിനികള്‍ ചേര്‍ത്ത കൂട്ടാണ് ആഴ്ചയിലൊരിക്കല്‍ ഉള്ളിക്ക് തളിക്കുന്നത്. കര്‍ഷകര്‍ അമിതമായി കീടനാശിനി ഉപയോഗിക്കുന്നുണ്ടെന്ന് തമിഴ്‌നാട്ടിലെ കൃഷിശാസ്ത്രജ്ഞരും സമ്മതിക്കുന്നുണ്ട്. കീടനാശിനി വാങ്ങാന്‍വരുന്ന കര്‍ഷകരെ തമിഴ്‌നാട്ടിലെ കീടനാശിനി കച്ചവടക്കാര്‍ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു. മരുന്നിന്റെ അളവില്‍ അവിടത്തെ കര്‍ഷകരുടെയിടയില്‍ തെറ്റായ രീതികളുണ്ട്. രണ്ട് മില്ലി ഉപയോഗിക്കാന്‍ പറഞ്ഞാല്‍ അവര്‍ കരുതും കൂടുതല്‍ ഉപയോഗിച്ചാല്‍ കൂടുതല്‍ പ്രയോജനമുണ്ടാകുമെന്ന്. വളം, കീടനാശിനിക്കച്ചവടക്കാരാണ് കൃഷിക്ക് ഉപദേശം നല്‍കുക. തങ്ങളുടെ ഉത്പന്നം കൂടുതല്‍ ചെലവാകുക എന്ന ഉദ്ദേശ്യം മാത്രമേ അവര്‍ക്കുണ്ടാകൂ. അമിതമായ വിഷപ്രയോഗമാണിതിന്റെ ഫലം. മാരകവിഷകീടനാശിനികള്‍ കൃഷി ഓഫീസറുടെ കുറിപ്പടിയില്ലാതെ വില്‍ക്കരുതെന്നാണ് നിയമമെങ്കിലും കേരളത്തിലും അയല്‍സംസ്ഥാനങ്ങളിലും ആരും ഇത് പാലിക്കുന്നില്ല. 

ഞെട്ടിക്കും ഈ പരിശോധനാ ഫലം


പച്ചക്കറിയിലെ വിഷാംശത്തിന്റെ തോത് കണ്ടുപിടിക്കാനുള്ള പദ്ധതി സംസ്ഥാന കൃഷിവകുപ്പും കാര്‍ഷിക സര്‍വകലാശാലയും കഴിഞ്ഞവര്‍ഷം ആരംഭിച്ചിരുന്നു. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ പച്ചക്കറിക്കടകളില്‍നിന്ന് സാമ്പിളെടുത്ത് പരിശോധന നടത്തുന്ന പദ്ധതിയായിരുന്നു അത്. പരിശോധന കൃത്യമായ ഇടവേളകളില്‍ ഇപ്പോഴും തുടരുന്നു. ഞെട്ടിക്കുന്നതാണ് ഓരോ പരിശോധനയുടെയും ഫലം. എന്തുമാത്രം വിഷം നാം ഓരോ ദിവസവും ഉള്ളിലാക്കുന്നു എന്ന് ആ പഠനങ്ങള്‍ വെളിവാക്കുന്നു.
2013 ജനവരി മുതല്‍ ഓരോമാസവും അമ്പതിനം പച്ചക്കറി സാമ്പിള്‍വീതം ഓരോ മാര്‍ക്കറ്റിലുംനിന്ന് വാങ്ങി, വെള്ളായണി കാര്‍ഷിക കോളേജിലെ 'കീടനാശിനി അവശിഷ്ട വിഷാംശ പരിശോധനാ ലബോറട്ടറിയില്‍ എത്തിച്ചാണ് പരിശോധന. നേതൃത്വം നല്‍കുന്നത് ഡോ. തോമസ് ബിജു മാത്യു. കീടനാശിനി 100 കോടിയില്‍ ഒരു അംശംവരെ അളക്കാന്‍ ശേഷിയുള്ള ഗ്യാസ് ക്രാമറ്റോഗ്രാഫ്, ലിക്വിഡ് ക്രാമറ്റോഗ്രാഫ്, മാസ് സ്‌പെക്ട്രോമീറ്റര്‍ എന്നീ ഉപകരണങ്ങളുള്ള, അന്താരാഷ്ട്രനിലവാരത്തിലുള്ള ഒരേയൊരു അക്രഡിറ്റഡ് ലബോറട്ടറിയാണിത്. പരിശോധനാഫലങ്ങള്‍ ഏറ്റവും വിശ്വസനീയമാണെന്ന് സാരം.
ആദ്യത്തെ പരിശോധനയില്‍ 17 ഇനം പച്ചക്കറികളിലാണ് അപകടകരമായ തോതില്‍ വിഷാംശം കണ്ടത്. കോളിഫ്ലവര്‍, വെള്ളകാബേജ്, വയലറ്റ്കാബേജ്, പയര്‍, ചുവപ്പുചീര, ചുവന്നുള്ളി, നെല്ലിക്ക, പച്ചമുളക്, മല്ലിയില, കറിവേപ്പില, മുരിങ്ങക്ക, തക്കാളി, മഞ്ഞകാപ്‌സിക്കം, ചുവപ്പുകാപ്‌സിക്കം, പുതിനയില, കോവക്ക, വെണ്ടക്ക എന്നിവയിലയിരുന്നു ഇത്. ബീറ്റ്‌റൂട്ട്, കത്തിരി, കാരറ്റ് വെളുത്തുള്ളി എന്നിവയില്‍ വിഷാംശം കുറവായിരുന്നു.
തീര്‍ത്തും വിഷമില്ലാത്തതായി കണ്ടത് പടവലം, പാവയ്ക്ക, വെള്ളരി, മാങ്ങ, സലാഡ് വെള്ളരി, ചേമ്പ്, അമരയ്ക്ക, ബീന്‍സ് ഇഞ്ചി, സവാള, സാമ്പാര്‍മുളക്, വഴുതന, ചേന, ഉരുളക്കിഴങ്ങ്, കറിക്കായ, പച്ചകാപ്‌സിക്കം, മത്തന്‍ തുടങ്ങിയവയായിരുന്നു. വിഷരഹിതമായ ഇവ വാങ്ങിയാല്‍ മതിയല്ലോ എന്നാണ് ആശ്വസിക്കുന്നതെങ്കില്‍ തെറ്റി. ലബോറട്ടറി, മൂന്നുമാസം കഴിഞ്ഞ് മറ്റു സ്ഥലങ്ങളില്‍നിന്ന് ശേഖരിച്ച സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ നേരത്തേ വിഷരഹിതമായി തെളിഞ്ഞ ഇനങ്ങളില്‍ വലിയ അളവില്‍ വിഷാംശം കണ്ടു. നേരത്തേ വലിയ വിഷാംശം കണ്ടവ വിഷമുക്തമായും കണ്ടു.

ഏതിലാണ് വിഷമെന്ന് അറിയില്ല, ആര്‍ക്കും 

ഏത് പച്ചക്കറിയിലാണ,് എപ്പോഴാണ് വിഷാംശം കാണുന്നതെന്ന് പറയാനാവില്ല. എല്ലായിനം പച്ചക്കറികളിലും എന്നും വിഷാംശമില്ല. എന്നാല്‍ വിഷാംശമുള്ള പച്ചക്കറികള്‍ എന്നുമുണ്ട്. ഏതില്‍ എത്രയളവ് വിഷാംശമുണ്ടെന്ന് വാങ്ങുമ്പോള്‍ നമുക്കറിയില്ല. പച്ചക്കറികള്‍ നമ്മുടെ വിപണിയില്‍ വരുംമുമ്പ് അതിലെ വിഷാംശം കണ്ടുപിടിക്കാന്‍ വേണ്ടിയുള്ള പരിശോധനയൊന്നുമില്ല, സംസ്ഥാനത്ത് ഒരിടത്തും. ഏറ്റവുമൊടുവില്‍ പുറത്തുവന്നിട്ടുള്ള പരിശോധനാ റിപ്പോര്‍ട്ട് കേരളത്തിന്റെ ഉറക്കം തീരെ കെടുത്തേണ്ടതാണ്. പച്ചക്കറിക്ക് പുറമെ, പലവ്യഞ്ജനത്തിലും ഉണക്കിയ പഴങ്ങളിലും വിഷസാന്നിധ്യമുണ്ടെന്ന് ആ റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞ ജനവരി മുതല്‍ മാര്‍ച്ചുവരെ പല ജില്ലകളിലെ മാര്‍ക്കറ്റുകളില്‍നിന്ന്‌ േശഖരിച്ച സാമ്പിളുകളാണ് പരിശോധിച്ചത്. പല ബ്രാന്‍ഡുകളുടെ പേരില്‍ പാക്കറ്റില്‍ കിട്ടുന്ന 24 ഇനം സുഗന്ധവ്യഞ്ജനങ്ങള്‍, മസാലപ്പൊടികള്‍ എന്നിവയുടെ 110 സാമ്പിള്‍ പരിശോധിച്ചതില്‍ ആറിനത്തില്‍പ്പെട്ട 13 സാമ്പിളുകള്‍ വിഷാംശത്തിന്റെ പരിധി ലംഘിച്ചതായി വ്യക്തമായി.
ഏലയ്ക്ക, ജീരകം, തൈരുമുളക് (കൊണ്ടാട്ടം), സാധാരണ മുളകുപൊടി, കാശ്മീരി മുളകുപൊടി, വറ്റല്‍മുളക് എന്നിവയുടെ സാമ്പിളില്‍ അപകടസാധ്യതയുള്ള അളവില്‍ വിഷാംശമുണ്ടായിരുന്നു. സാധാരണ മുളകുപൊടിയുടെ നാലുസാമ്പിളില്‍, ക്‌ളോര്‍പൈറിഫോസ്, സൈപെര്‍മെത്രിന്‍, എത്തയോണ്‍ എന്നീ കീടനാശിനികളാണ് കണ്ടെത്തിയത്. കാശ്മീരി മുളകുപൊടിയുടെ ബ്രാന്‍ഡുകളില്‍ സൈപ്പര്‍മെത്രിന്‍, എത്തയോണ്‍ എന്നിവയുടെ സാന്നിധ്യവും കണ്ടു. ഇതുവരെ നടത്തിയ സാമ്പിള്‍ പരിശോധനകളെല്ലം സൂചിപ്പിക്കുന്നത്, എല്ലാത്തരം മുളകിലും മുളക് ഉത്പന്നങ്ങളിലും ബ്രാന്‍ഡ് ചെയ്ത മുളക് പൊടിയിലും രണ്ടിലേറെ കീടനാശിനികളുടെ സാന്നിധ്യം ഉണ്ടെന്നാണ്. അയമോദകം, മല്ലിപ്പൊടി, പൊടിച്ചമുളക്, ജീരകപ്പൊടി, പെരുംജീരകം, ഗോബി മഞ്ചൂരിയന്‍ മസാല, ഉലുവയില ഉണക്കിയത് എന്നിവയുടെ സാമ്പിളിലും വിഷാംശം കണ്ടെങ്കിലും അത് പരിധിക്ക് താഴെയായിരുന്നു.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കാസര്‍കോട് നഗരങ്ങളിലെ പച്ചക്കറി കടകള്‍, സൂപ്പര്‍/ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ നിന്നുശേഖരിച്ച 40 ഇനം പച്ചക്കറികളുടെ 125 സാമ്പിളുകളും ഇക്കൂട്ടത്തില്‍ പരിശോധിച്ചിരുന്നു. കറിവേപ്പില, കോളിഫ്ലവര്‍ എന്നിവയുടെ ഓരോസാമ്പിളില്‍ അപകടസാധ്യതയുള്ള അളവില്‍ വിഷാംശം കണ്ടെത്തി. 

പുതിനയില സാമ്പിളില്‍ ഏഴ് കീടനാശിനി


ഈ പരിശോധനയ്ക്കുമുണ്ട് ചില പരിമിതികള്‍. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ.) നിഷ്‌കര്‍ഷിച്ചിട്ടുള്ള പരിധിയാണ് വിഷാംശത്തിന്റെ കാര്യത്തില്‍ നമ്മള്‍ ആധികാരികമായി എടുത്തിട്ടുള്ളത്. അതിനെ ആധാരമാക്കിയാണ് ഓരോ പച്ചക്കറിയിലും വിഷാംശമുണ്ടെന്നും ഇല്ലെന്നും പറയുന്നത്. ചില കീടനാശിനിയിനങ്ങളെക്കുറിച്ച് എഫ്. എസ്.എസ്.എ.ഐ. ഒരു മാനദണ്ഡവും ഉണ്ടാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ ആ ഇനങ്ങളില്‍ വിഷാംശം കണ്ടാലും അത് തീവ്രമാണോ അല്ലയോ എന്നൊന്നും ഈ പരിശോധനയ്ക്ക് തീരുമാനിക്കാനുമാവില്ല. എന്നാല്‍ ലബോറട്ടറി അധികൃതരാകട്ടെ, ഈ ഇനങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ നിശ്ചയിച്ച പരിധി പരിശോധനാഫലത്തില്‍ രേഖപ്പെടുത്തുന്നുണ്ട്.
പുതിനയില പല സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ ഏഴ് കീടനാശിനികളുടെ വിഷസാന്നിധ്യം കണ്ടു. ബൈഫെന്‍ത്രിന്‍ എന്ന കീടനാശിനിക്ക് യൂറോപ്യന്‍ യൂണിയന്‍ നിശ്ചയിച്ചിരിക്കുന്ന പരിധി 0.05 പി.പി.എം. (പാര്‍ട്‌സ് പെര്‍ മില്യണ്‍) ആണ്. എന്നാല്‍ പുതിനയിലയിലെ പരിശോധനയില്‍ കണ്ടത് 0.15 ആണ്. ക്ലോര്‍പൈറിഫോസ് എന്ന കീടനാശിനിയുടെയും പരിധി 0.05 തന്നെ. എന്നാല്‍ കണ്ടതോ 0.98. എത്തയോണിന്റെ സാന്നിധ്യം കുറേക്കൂടി ഉയര്‍ന്നതോതിലാണ്. 0.01 പി.പി.എം. പരമാവധി വേണ്ടിടത്ത് കണ്ടത് 4.9 പി.പി.എമ്മാണ്. സൈപ്പര്‍മെത്രിന്‍, മിഥെയില്‍ പാരതയോണ്‍, പ്രൊഫനോഫോസ്, ക്യുനാല്‍ഫോസ് എന്നിവയും പരിധിക്കപ്പുറം കണ്ടു, പുതിനയിലയില്‍. 

കറിവേപ്പിലയുടെ കാര്യം ഇതേക്കാള്‍ കഷ്ടം 

കറിവേപ്പിലയില്‍ ബൈഫെന്‍ത്രിന്‍ കീടനാശിനിക്ക് നിഷ്‌കര്‍ഷിച്ചിരിക്കുന്ന പരിധിയും 0.05 പി.പി.എം. ആണ്. എന്നാല്‍ പരിശോധനയില്‍ 0.13 വരെ കണ്ടെത്തി. 0.01 പരിധി നിര്‍ദേശിച്ചിട്ടുള്ള എത്തയോണിന്റെ സാന്നിധ്യം 0.34 വരെയായിരുന്നു. ഫെന്‍പ്രൊപ്പാത്രിനിന്റെ സാന്നിധ്യം 0.01 വേണ്ടിടത്ത് കണ്ടത് 0.38 പി.പി.എം. ആണ്. ക്ലോര്‍പൈറിഫോസ്, സൈപ്പര്‍മെത്രിന്‍, ലാംബ്ഡാ സൈഹാലോത്രിന്‍, മിഥെയില്‍ പാരതയോണ്‍, പ്രൊഫനോഫോസ് എന്നീ കീടനാശിനികളുടെ സാന്നിധ്യവും കറിവേപ്പില സാമ്പിളില്‍ വളരെ ഉയര്‍ന്ന അളവില്‍ കണ്ടു.

ചുവപ്പുചീരയില്‍ ഫെന്‍വാലറേറ്റ്, മിഥെയില്‍ പാരതയോണ്‍, പ്രൊഫനോഫോസ്, ക്യുനാല്‍ഫോസ് എന്നീ കീടനാശിനികളുടെ വിഷാംശം ഉയര്‍ന്നതോതില്‍ കണ്ടെത്തി. പച്ചമുളകിന്റെ ഇരുപത് സാമ്പിള്‍ പരിശോധിച്ചപ്പോള്‍ ഏഴ് കീടനാശിനികളുടെ സാന്നിധ്യം കണ്ടു. അതില്‍ സൈപ്പര്‍മെത്രിന്റെ അളവ് കേട്ടാല്‍ നടുങ്ങും. പരമാവധി 0.05 പി.പി.എം. പാടുള്ള സ്ഥലത്ത് കണ്ടത് 0.59 പി.പി.എം. എത്തയോണ്‍ പരമാവധി 0.01 നിഷ്‌കര്‍ഷിച്ചിട്ടുള്ള സ്ഥാനത്ത് 1.24 വരെ കണ്ടു. മിഥെയില്‍ പാരതയോണും 0.01 വരെയേ പാടുള്ളൂ. കണ്ടതോ 2.87 പി.പി.എമ്മും. പൈപ്പ് വെള്ളത്തില്‍ ഒന്ന് ഉലച്ചുകഴുകിയാല്‍ പോകുന്നതല്ല, ഈ വിഷാംശങ്ങളൊന്നും. ഇതെല്ലാം സാമ്പിള്‍ മാത്രം നമ്മുടെ മുന്നിലെത്തുന്ന മിക്കവാറും പച്ചക്കറികളുടെ അവസ്ഥ ഇതാണ്. 

Post a Comment

 
Top