GuidePedia

നമ്മുടെ ശരീരത്തിന് വേണ്ടാത്ത ഇത്തരം രാസവസ്തുക്കളെ വിഘടിപ്പിച്ച് പുറന്തള്ളാന്‍ വേണ്ടി അഹോരാത്രം പണിയെടുക്കുകയാണ് നമ്മുടെ കരളും വൃക്കയുമെല്ലാം.പണി കൂടുതലാകുമ്പോള്‍ അവ വശംകെടും. പണി മുടങ്ങും 

കാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ 280 ശതമാനം വര്‍ധന


വിഷമില്ലാത്തത് വീട്ടുമുന്നില്‍ നട്ടുവളര്‍ത്താന്‍ ഒരു ബുദ്ധിമുട്ടുമില്ല. അത് ചെയ്യാതെ അറിഞ്ഞുകൊണ്ട് വിഷവസ്തു കഴിക്കുകയും 'ഞാന്‍ രോഗിയായേ...' എന്ന് സങ്കടപ്പെടുകയും ചെയ്യുന്ന വിചിത്രമനുഷ്യരായി മാറിയിരിക്കയാണ് ഇപ്പോള്‍ നാം. അത്യന്തം ഭയപ്പെടുത്തുന്നതാണ് പച്ചക്കറികളിലെ വിഷസാന്നിധ്യം. ഉപയോഗിക്കുന്നവരുടെ ആരോഗ്യത്തെ അത് തകര്‍ക്കുന്നു. തലമുറകളിലേക്കുപോലും നീളുകയാണ് അതിന്റെ ദുരന്തം. കേരളത്തില്‍ ഓരോ വര്‍ഷവും 35,000 പുതിയ കാന്‍സര്‍രോഗികള്‍ ചികിത്സതേടിയെത്തുന്നു എന്നാണ് 2013ലെ ഇക്കണോമിക് റിവ്യൂവിലെ റിപ്പോര്‍ട്ട്.

തിരുവനന്തപുരം റീജ്യണല്‍ കാന്‍സര്‍ സെന്ററില്‍നിന്നുള്ള മറ്റൊരു റിപ്പോര്‍ട്ട് പറയുന്നത് കഴിഞ്ഞ മൂന്നുദശകങ്ങളായി 280 ശതമാനം വര്‍ധനയാണ് കേരളത്തിലെ കാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ ഉണ്ടാകുന്നതെന്നാണ്. എന്താണിതിന് കാരണം? ആഴത്തിലുള്ള ശാസ്ത്രീയ പഠനങ്ങളൊന്നും ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ല. കാര്യകാരണബന്ധം അറിയില്ല നമുക്ക്. പക്ഷേ, ഭക്ഷണത്തിലൂടെ ഉള്ളിലെത്തുന്ന വിഷാംശമാണ് അതിന് കാരണമെന്ന വാദം തള്ളിക്കളയാന്‍ കഴിയുന്നതുമല്ല. അങ്ങനെയാണ് ഡോക്ടര്‍മാര്‍ പറയുന്നതും. വിഷം ഉള്ളില്‍ച്ചെന്നാല്‍ അത് ശരീരത്തിന്റെ സംവിധാനങ്ങള്‍കൊണ്ട് നിര്‍വീര്യമാക്കാന്‍ കഴിയാത്തിടത്തോളമുള്ള അളവാണെങ്കില്‍എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായേ തീരൂ. ഒരു തവണ മാത്രമല്ലല്ലോ ഈ വിഷം ഉള്ളില്‍ പ്രവേശിക്കുന്നത്. എല്ലാ ദിവസവും പല നേരത്തായി പല രൂപത്തിലായി ഈ വിഷം കഴിച്ചുകൊണ്ടേയിരിക്കുകയാണല്ലോ. അതിന്റെ പ്രത്യാഘാതം ഉണ്ടാകാതെ തരമില്ല. ആര്‍ക്ക്, അത് ഏതുതരത്തില്‍ വരുന്നുവെന്നേ അറിയാന്‍ കഴിയാതുള്ളൂ.

പ്രാതല്‍ മുതല്‍ അത്താഴം വരെ നാം കഴിക്കുന്ന ഭക്ഷണവസ്തുക്കളും പാനീയങ്ങളും പരിശോധിച്ചാല്‍, നമ്മുടെ ശരീരത്തിന് ഹാനികരമായ ഒട്ടനവധി രാസവസ്തുക്കളും മാലിന്യങ്ങളും നാമറിയാതെ നമ്മുടെ ഉള്ളിലെത്തിക്കൊണ്ടിരിക്കുകയാണെന്ന് കാണാനാവും. നമ്മുടെ ശരീരത്തിന് വേണ്ടാത്ത ഇത്തരം രാസവസ്തുക്കളെ വിഘടിപ്പിച്ച് പുറന്തള്ളാന്‍വേണ്ടി അഹോരാത്രം പണിയെടുക്കുകയാണ് നമ്മുടെ കരളും വൃക്കയുമെല്ലാം. പണി കൂടുതലാകുമ്പോള്‍ അവ വശംകെടും. പണി മുടങ്ങും.

നാം സാധാരണ ഉപയോഗിക്കുന്ന പഴങ്ങളിലും പച്ചക്കറിയിലുമുള്ള കീടനാശിനി വിഷംകൊണ്ട് ഉണ്ടാകാന്‍ സാധ്യതയുള്ള രോഗങ്ങള്‍, പാര്‍ശ്വഫലങ്ങള്‍ ഇവയാണ്:

1. കാന്‍സര്‍ 

വളരെ പെട്ടെന്നാണ് കാന്‍സര്‍ രോഗികളുടെ എണ്ണം കേരളത്തില്‍ കൂടിയത്. കേരളത്തില്‍ ഓരോ വര്‍ഷവും കാന്‍സര്‍രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടാകുന്നു. പ്രായമേറിയ ചിലരില്‍ മരണകാരണമായി കാന്‍സര്‍ കണ്ടിരുന്നുവെന്നല്ലാതെ അകാലത്തില്‍ പിടിപെടുന്ന മാരകരോഗമായി കാന്‍സര്‍ മാറിയതിന് പ്രധാനകാരണം ഭക്ഷണവും മാറിയ ജീവിതരീതിയുമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഭക്ഷ്യവസ്തുക്കളിലെ കീടനാശിനിവിഷം പല അവയവങ്ങളെയും കാന്‍സറിലേക്ക് കൊണ്ടുപോകുന്നു. ആരോഗ്യകരമായ അവസ്ഥയെയും അതിനെ ബാധിക്കുന്ന കീടനാശിനികളുടെ അപകടത്തെയുംകുറിച്ച് പഠിച്ച എന്‍വയേണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി ഈ അപകടത്തെക്കുറിച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. കീടനാശിനിയിലെ നശീകരണാംശം മനുഷ്യശരീരത്തില്‍ കാന്‍സറിന് കാരണമാകുന്നുവെന്നാണ് ഈ പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്.

2. ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍

കീടനാശിനിവിഷം ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ട്, പ്രത്യേകിച്ച് പുരുഷന്മാരില്‍. പുരുഷഹോര്‍മോണുകളുടെ ഉത്പാദനത്തെ അത് തടയുമെന്നാണ് പഠനങ്ങളില്‍ തെളിഞ്ഞിട്ടുള്ളത്. അത് പ്രത്യുത്പാദന വ്യവസ്ഥയെ ബാധിക്കും. പുരുഷന്റെ പ്രത്യുത്പാദനശേഷിക്ക് അവശ്യംവേണ്ട ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണിനെയും മറ്റ് അന്തര്‍ഗ്രന്ഥി സ്രവങ്ങളെയും തടയുകയാണ് കീടനാശിനികള്‍ ചെയ്യുന്നത്. പുരുഷഹോര്‍മോണുകളില്‍ ഏറ്റവുമധികം ഉത്പാദിക്കപ്പെടുന്നതാണ് ടെസ്റ്റോസ്റ്റിറോണ്‍. കുമിള്‍നാശിനിയിലെ വിഷാംശം ഹോര്‍മോണ്‍ സംവിധാനത്തെ അലങ്കോലമാക്കും. സാധാരണ വൃത്തിയാക്കലുകള്‍കൊണ്ട് പച്ചക്കറിയില്‍നിന്ന് അവയുടെ സാന്നിധ്യം പോകില്ല.

3. വന്ധ്യതാപ്രശ്‌നങ്ങള്‍

പല കീടനാശിനികളിലെയും വിഷാംശം പുരുഷന്റെയും സ്ത്രീയുടെയും വന്ധ്യതയ്ക്ക് കാരണമാകുന്നുണ്ട്. സ്ഥിരമായി കീടനാശിനിപ്രയോഗം നടത്തുന്ന പാടങ്ങളില്‍ ജോലിചെയ്യുന്ന പുരുഷന്മാരില്‍ ബീജത്തിന്റെ അളവും ശേഷിയും കുറവായി കണ്ടിട്ടുണ്ട്. വിഷാംശമുള്ള പച്ചക്കറികള്‍ ലോകമൊട്ടാകെ വന്ധ്യതയ്ക്ക് കാരണമാകുന്നുവെന്നാണ് പഠനങ്ങളില്‍ കാണുന്നത്. നിറം നല്‍കാന്‍ ഉപയോഗിക്കുന്ന രാസവസ്തുക്കളും വളര്‍ച്ച ത്വരപ്പെടുത്താന്‍ നല്‍കുന്ന ഹോര്‍മോണുകളും വന്ധ്യതയ്ക്കും നാഡീതളര്‍ച്ചയ്ക്കും കാരണമാകുന്നതായി തെളിഞ്ഞിട്ടുണ്ട്. കീടനാശിനികള്‍ സ്ത്രീകളില്‍ ഗര്‍ഭച്ഛിദ്രത്തിനും കാരണമാകുന്നു.

4. തലച്ചോറിലെ തകരാറുകള്‍

പച്ചക്കറിയിലും പഴത്തിലും പ്രയോഗിക്കുന്ന രാസവസ്തുക്കള്‍ മാരകമാണ്. അവ സ്ഥിരമായി ഉപയോഗിക്കുന്നവര്‍ക്ക് തലച്ചോറില്‍ തകരാറുകള്‍ സംഭവിക്കാനുള്ള സാധ്യതയും കൂടുതലാണ്. സ്ഥിരമായ തകരാറുകള്‍ സംഭവിക്കും. സംസാരശേഷി വികലമാവുകയും അക്ഷരങ്ങള്‍ തിരിച്ചറിയാന്‍ കഴിയാതാവുകയും നിറങ്ങളും അക്കവുമൊന്നും അറിയാന്‍ കഴിയാതെവരികയും ചെയ്യും. ഓര്‍മശക്തിയെ ബാധിക്കാനും കാരണമാകും. കുട്ടികളുടെ ബുദ്ധിപരമായ വളര്‍ച്ചയെ ബാധിക്കുകയും ചെയ്യും.

5. ജനിതക വൈകല്യങ്ങള്‍

കീടനാശിനിയിലെ വിഷം തലമുറകളെയും ബാധിക്കുന്നതാണ്. അച്ഛനമ്മമാരുടെ ഉള്ളിലെത്തുന്ന കീടനാശിനി വിഷം, അവര്‍ക്ക് പിറക്കുന്ന കുട്ടികളില്‍ ജനിതക വൈകല്യമുണ്ടാക്കും. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ പ്രയോഗത്തിന്റെ ദുരന്തചിത്രങ്ങള്‍ നമുക്ക് മറക്കാനാവുന്നതല്ല, ഒരിക്കലും. കീടങ്ങളെ തുരത്താനുള്ള രാസവസ്തു, കീടങ്ങളുടെ നാഡീവ്യൂഹത്തെ ആക്രമിക്കുകയും അങ്ങനെ കൊല്ലുകയുമാണ് ചെയ്യുന്നത്. ഇതേ രാസവസ്തുക്കള്‍ ഗര്‍ഭസ്ഥശിശുവിനെയും ബാധിക്കും. മുറിച്ചുണ്ട്, ഹൃദയസംബന്ധമായ തകരാറുകള്‍, അംഗവൈകല്യം എന്നിവയ്ക്ക് കാരണമാകും. ഗര്‍ഭകാലത്ത് കീടനാശിനി വിഷംകലര്‍ന്ന പച്ചക്കറിയും പഴവും പൂര്‍ണമായി ഒഴിവാക്കണം. ഗര്‍ഭസ്ഥശിശുക്കള്‍ക്ക് ജനിക്കാനുള്ള അവകാശംപോലും നഷ്ടപ്പെടുത്തുന്നതാണ് കീടനാശിനിയുടെ ഉപയോഗം. കീടനാശിനി കലര്‍ന്ന പച്ചക്കറികള്‍ സ്ഥിരമായി കഴിക്കുന്ന അമ്മമാരുടെ മുലപ്പാലില്‍പോലുമുണ്ടാകും അതിന്റെ വിഷാംശം. അമൃതായി തന്റെ കുഞ്ഞ് കഴിക്കുന്ന പാല്‍പോലും ശുദ്ധമല്ലെന്നറിയുന്ന അമ്മമാര്‍ എത്രയുണ്ടാകും. അറിഞ്ഞാല്‍ത്തന്നെ അതിന്റെ ഗൗരവം മനസ്സിലാക്കുന്നവര്‍ എത്രയുണ്ടാകും

6. ശ്വസനപ്രശ്‌നങ്ങള്‍

കീടനാശിനിവിഷം ഉണ്ടാക്കുന്ന മറ്റൊരു പ്രശ്‌നം ശ്വസനരോഗങ്ങളാണ്. ആസ്ത്മയും വലിവും ഉപശ്വാസനാള വീക്കവും ഇതുമൂലം ഉണ്ടാകുന്നു. സ്ഥിരമായി ഈ വിഷത്തിന്റെ സാന്നിധ്യം ഫലപ്രദമായ ചികിത്സപോലും അസാധ്യമാക്കുന്നു.

7. അവയവങ്ങള്‍ക്ക് നാശം

കീടനാശിനിവിഷം ലോകമൊട്ടാകെ മനുഷ്യന്റെ ആന്തരികാവയവങ്ങളെ ദോഷമായി ബാധിക്കുന്നത് കൂടിവരികയാണ്. വൃക്കസംബന്ധമായ രോഗത്താല്‍ ഇന്ത്യയില്‍ മരണമടയുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടായിട്ടുണ്ട്. അവരില്‍ വലിയൊരു വിഭാഗം പച്ചക്കറിത്തോട്ടങ്ങളിലും മറ്റും ജോലിചെയ്യുന്നവരും പതിവായി കീടനാശിനി കലര്‍ന്ന ഭക്ഷണം കഴിക്കുന്നവരുമാണ്. ചെറിയ അളവിലാണെങ്കില്‍പ്പോലും ആഹാരത്തിലൂടെ സ്ഥിരമായി അകത്തുചെല്ലുന്ന കീടനാശിനി കരള്‍, വൃക്ക, നാഡീവ്യവസ്ഥ എന്നിവയെ തകരാറിലാക്കുന്നു.

8. ത്വഗ്രോഗങ്ങള്‍

തൊലിയിലെ പലതരത്തിലുള്ള രോഗങ്ങള്‍ക്ക് കീടനാശിനിവിഷം കാരണമാകുന്നുണ്ട്. മാരകമായ രാസവസ്തുക്കളുമായി നിരന്തരം മനുഷ്യശരീരം ബന്ധപ്പെടുന്നതാണ് അതിന് കാരണം. തൊലിയിലൂടെ ഈ രാസവസ്തുക്കള്‍ ഉള്ളിലെത്തുകയും രോഗകാരണമാവുകയും ചെയ്യുന്നു. കീടനാശിനിവിഷം കലര്‍ന്ന ഭക്ഷണം കഴിക്കുന്നവര്‍ക്ക് മാത്രമല്ല, കീടനാശിനി ഉപയോഗിച്ച് കൃഷിചെയ്യുന്നവരും രോഗാതുരതയുടെ പിടിയിലാണ്. കീടനാശിനി തളിക്കുന്ന തൊഴിലാളികളും അത്തരം പാടങ്ങളുടെ അടുത്ത് താമസിക്കുന്നവരും രോഗികളാകുന്നു. 

Post a Comment

 
Top