സംസ്ഥാനത്ത് നിരോധിച്ചിട്ടുള്ള പ്രൊഫെനോഫോസ് എന്ന കീടനാശിനി, യൂറോപ്യന്‍ യൂണിയന്‍
നിഷ്‌കര്‍ഷിച്ചിരിക്കുന്ന പരിധിയേക്കാള്‍ 125 ഇരട്ടി വരെ കണ്ടെത്തിയപ്പോള്‍ മറ്റൊരു കീടനാശിനിയായ എത്തയോണ്‍ 200 ഇരട്ടിവരെയായിരുന്നു കണ്ടത്. സാന്ദ്രതയിലും അളവിലും വിഷാംശം ഏറ്റവും കൂടുതല്‍ കണ്ടത് പച്ചമുളക്, സാമ്പാര്‍ മുളക്, മല്ലിയില, പുതിനയില, കറിവേപ്പില എന്നിവയിലാണ്.
രാവിലെ രണ്ട് സൈപ്പര്‍മെത്രിനും ചായയും. ഉച്ചയ്ക്ക് ചോറിന് ക്ലോര്‍പൈറിഫോസും െപ്രാഫെനോഫോസും കപ്പയും. വൈകുന്നേരം ചപ്പാത്തിയും ട്രയാസോഫോസും ക്യുനാല്‍ഫോസും സത്യത്തില്‍ നമ്മുടെ മെനു ഇങ്ങനെയാണിപ്പോള്‍. ഭക്ഷണത്തില്‍ നിറയെ കീടനാശിനികള്‍. നിരോധിച്ചവ ഉള്‍പ്പെടെ. വല്ലപ്പോഴുമല്ല, എന്നും ഇതാണ് മെനു. കണ്‍മുന്നില്‍ വിളഞ്ഞ വിഭവങ്ങള്‍കൊണ്ട് മൃഷ്ടാന്നം കഴിച്ചിരുന്ന നമ്മളാണ് കൂടുതല്‍ ബുദ്ധിശാലികളും വിദ്യാസമ്പന്നരുമായപ്പോള്‍ ഈ ദുര്യോഗത്തില്‍ പെട്ടുപോയത്.
തമിഴ്‌നാട് ഒട്ടംചത്രത്തിലെ കറിവേപ്പിലപ്പാടത്ത് മരുന്നടിച്ചുകൊണ്ടിരുന്ന കര്‍ഷകത്തൊഴിലാളിയുമായി കേരളത്തില്‍ നിന്നെത്തിയ ദൃശ്യമാധ്യമപ്രവര്‍ത്തക സംസാരിക്കുന്നത് കുറച്ചുനാള്‍ മുമ്പ് ഒരു ചാനലില്‍ കണ്ടു. വായും മൂക്കുമൊന്നും മറയ്ക്കാതെയാണയാള്‍ മരുന്നടിച്ചുകൊണ്ടിരുന്നത്. മാരകവിഷധൂളികള്‍ കാറ്റത്ത് പറന്നുവീഴുന്നത് വ്യക്തമായും കാണാമായിരുന്നു. ''ഈ വിഷം നിങ്ങളെ ബാധിക്കില്ലേ'' എന്ന ചോദ്യത്തിന് ''ഇത് മനുഷ്യരെ ബാധിക്കുകയേയില്ല, കീടങ്ങളെ മാത്രമേ ബാധിക്കൂ'' എന്ന നിഷ്‌കളങ്കമായ ഉത്തരമായിരുന്നു അയാളുടേത്. തൊഴിലാളികള്‍ക്ക് മാത്രമല്ല, പച്ചക്കറിക്കൃഷിയുമായും കച്ചവടവുമായും ബന്ധമുള്ള പലരുടെയും ധാരണ അതാണ്. ദോഷങ്ങളെക്കുറിച്ച് അറിയാവുന്ന ചിലരാകട്ടെ അത് മറച്ചുവെക്കും, അസത്യം പറഞ്ഞുകൊണ്ടേയിരിക്കും.
കീടങ്ങളെ വിളയില്‍നിന്ന് അകറ്റിനിര്‍ത്താന്‍, അങ്ങനെ വിളവ് വര്‍ധിപ്പിക്കാന്‍ കര്‍ഷകരെയും കച്ചവടക്കാരെയും ഒരുപാട് സഹായിക്കുന്നുണ്ട് കീടനാശിനികള്‍. ഉത്പാദനക്ഷമത കൂട്ടാനും സ്വയംപര്യാപ്തത കൈവരിക്കാനുമൊക്കെ കീടനാശിനി ഉപയോഗിക്കാന്‍ ആധുനിക കൃഷിശാസ്ത്രം ആവശ്യപ്പെടുന്നുമുണ്ട്.
ഉപയോഗത്തിന് ക്രമവും നിബന്ധനയും നിര്‍ദേശിച്ചിട്ടുമുണ്ട്. പക്ഷേ, ഉപയോഗം അവയിലൊന്നും ഒതുങ്ങുന്നില്ലെന്നുമാത്രം. രണ്ടായിരം ടണ്‍ പച്ചക്കറിയാണ് ഒരോ ദിവസവും തമിഴ്‌നാട്ടിലും കര്‍ണാടകയിലും നിന്നായി ഇവിടേക്ക് കൊണ്ടുവരുന്നത്, നിറയെ വിഷവുമായി.
നമുക്ക് 'ഫ്രഷ്' പച്ചക്കറി മതി
പച്ചക്കറി വിട്ട്, മത്സ്യമാംസാദികള്‍ കൂടുതലായി കഴിക്കുന്ന സമ്പ്രദായം കേരളത്തില്‍ കുറച്ചുനാള്‍ മുമ്പാണെത്തിയത്. ചിക്കനും മട്ടനും ബീഫും താറാവും പോര്‍ക്കുമൊക്കെ ഒരു നിയന്ത്രണവുമില്ലാതെ വാരിവിഴുങ്ങാന്‍ തുടങ്ങി, മലയാളി. കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത പേരിലും രൂപത്തിലും ഇറച്ചിവിഭവങ്ങള്‍ കടകളില്‍ നിരന്നു. കുടുംബങ്ങള്‍ അങ്ങോട്ടേക്ക് പാഞ്ഞു. കൗമാരക്കാരില്‍ പലരും അത്തരം ആഹാരങ്ങളുടെ അടിമകളായി. കൊളസ്‌ട്രോളും പ്രഷറും മറ്റുമായി രോഗികളുടെ വരവ് കൂടിയപ്പോള്‍ ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരുമെല്ലാം പറഞ്ഞു ''ഇതല്ല കഴിക്കേണ്ടത്. പച്ചക്കറിയും പഴങ്ങളും ധാരാളം കഴിക്കണം.'' ഇന്നും അവര്‍ക്ക് പറയാനുള്ളത് അതാണ്. സംഗതി ന്യായമാണുതാനും. ഏറ്റവും നന്നായി ജിവിക്കാന്‍, പച്ചക്കറിയും പഴവും തന്നെ ഉത്തമം. പക്ഷേ, അതിന് നല്ല പച്ചക്കറി എവിടെ? പഴങ്ങളെവിടെ? മാംസാഹാരവും സസ്യാഹാരവും കഴിക്കാന്‍ പാടില്ലെന്ന അവസ്ഥയാണിപ്പോള്‍.
വിളവ് കൂട്ടാനും അവ നശിച്ചുപോകാതെ വിപണിയില്‍ എത്തിക്കാനും ചില കായ്കള്‍ പഴുപ്പിക്കാനുമൊക്കെയാണ് കീടനാശിനികള്‍ ഉപയോഗിക്കുന്നത്. നല്ല നിറം കിട്ടാനും പുതുമതോന്നാനും രാസവസ്തുക്കളും മറ്റും ഉപയോഗിക്കുന്നു. പുഴുക്കുത്തേറ്റ പച്ചക്കറികള്‍ നമ്മള്‍ വാങ്ങില്ല. നല്ല ആകൃതിയിലും മുഴുപ്പിലും പ്രൗഢിയിലുമൊക്കെ ഇരിക്കുന്നവയോടാണ് പ്രിയം. 'ഇത് നാടനാണ്' എന്ന് കച്ചവടക്കാരന്‍ പറയുകകൂടി ചെയ്താല്‍ പിന്നൊന്നും വേണ്ട നമുക്ക്. 'ഫ്രഷ്' പച്ചക്കറിയാണ് നമുക്കാവശ്യം. ഫ്രഷ് എന്നാല്‍, കീടനാശിനി അടിക്കാത്ത തനിമയുള്ള പച്ചക്കറിയാണെന്ന കാര്യം നാം വിസ്മരിച്ചുപോകുന്നു. പുഴുക്കുത്തുള്ള ചീരയും മറ്റും വാങ്ങാന്‍ മടിക്കുന്നു. പുഴുവരിച്ച പാടുള്ള കായകളും തിരഞ്ഞ് മാറ്റിവെക്കും. മുഴുത്തതും ഭംഗിയുള്ളതും നോക്കി മാത്രമേ വാങ്ങൂ. വിഷമാണെങ്കിലെന്ത് കാഴ്ചയ്ക്ക് എന്താ തേജസ്സ്! ഇതുകാണുന്ന കച്ചവടക്കാരന്‍ നാടന്‍ പച്ചക്കറികള്‍ വാങ്ങി വില്‍ക്കാതിരിക്കാനേ ശ്രമിക്കൂ.
ഗന്ധകക്കൂട്ടില്‍നിന്ന് തുടങ്ങിയ പരിപാടി
കീടങ്ങളെ തുരത്താന്‍കീടങ്ങളെ മാത്രം തുരത്താന്‍ പലതരത്തിലുള്ള നാശിനികള്‍ പണ്ടേ മനുഷ്യന്‍ ഉപയോഗിച്ചിരുന്നു; കൃഷി പുഴുതിന്നു നശിപ്പിക്കുന്നത് കണ്ട കാലം മുതല്‍. ആധുനിക ലോകത്തിന്റെ അറിവില്‍പ്പെട്ടിടത്തോളം ആദ്യമായി കീടനാശിനി പ്രയോഗിച്ചത് പുരാതന സുമേറിയക്കാരാണ്; ഏകദേശം 4500 വര്‍ഷം മുമ്പ്. കീടങ്ങളെയും പ്രാണികളെയും ചെറുക്കാന്‍ അവര്‍ ഗന്ധകക്കൂട്ട് ഉപയോഗിച്ചിരുന്നതായി തെളിവുണ്ട്. 3200 വര്‍ഷം മുമ്പ് ചൈനക്കാര്‍ മെര്‍ക്കുറിയും മറ്റും ചേര്‍ത്ത വിഷക്കൂട്ടുകള്‍ ഉപയോഗിച്ചിരുന്നു, ചെടിത്തണ്ടൂറ്റുന്ന പ്രാണിയെ തുരത്താന്‍. പുരാതന ഗ്രീസിലും റോമിലും കീടങ്ങളെ ഓടിക്കാന്‍ പ്രത്യേക വസ്തുക്കള്‍ പ്രയോഗിച്ചതായി രേഖയുണ്ട്. പുകയുപയോഗിച്ചും കീടത്തിന്റെ വ്യാപനം തടഞ്ഞിരുന്നു. ഉണങ്ങിയ ക്രിസാന്തമം പൂവില്‍നിന്ന് വേര്‍തിരിച്ചെടുക്കുന്ന 'പൈറേത്രം' എന്ന വസ്തു രണ്ടായിരത്തോളം വര്‍ഷം കീടനാശിനിയായി ഉപയോഗിച്ചിരുന്നു. ചുറ്റുവട്ടത്തുനിന്നു കിട്ടുന്ന ജൈവവസ്തുക്കളായിരുന്നു അന്ന് കീടനാശിനികള്‍, പിന്നീട് കൃത്രിമമായി അവ നിര്‍മിക്കാന്‍ തുടങ്ങി. കീടനാശിനികളുടെ നശീകരണശക്തിയെ കീടങ്ങള്‍ അതിജീവിക്കുന്നു എന്ന് തോന്നിയപ്പോഴൊക്കെ അന്നത്തെ കര്‍ഷകര്‍ മരുന്നിന്റെ വീര്യം കൂട്ടാന്‍ തുടങ്ങി. കൂടുതല്‍ വീര്യമുള്ള നാശിനികള്‍ കണ്ടുപിടിക്കാനും തുടങ്ങി. കൃത്രിമവസ്തുക്കള്‍ ഉപയോഗിക്കുന്നതുകൊണ്ട് മണ്ണിനും ചെടിക്കും അന്തരീക്ഷത്തിനും ചെടി ഉപയോഗിക്കുന്ന മനുഷ്യന്‍ ഉള്‍പ്പടെയുള്ള ജീവജാലത്തിനും കാലാന്തരത്തില്‍ എന്താണ് സംഭവിക്കുകയെന്ന് അന്നാരും ചിന്തിച്ചിട്ടുണ്ടാവില്ല. ഇന്നും അതാണവസ്ഥ. എന്താണ് സംഭവിക്കുകയെന്ന് വ്യക്തമായി അറിയാന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും ജീവകുലത്തിനുണ്ടാകുന്ന ദുരിതത്തില്‍ ആശങ്കയുണ്ടായിരുന്നു, അന്ന്. ഇന്നാകട്ടെ അത് തീരേയില്ല. കേരളത്തില്‍ പച്ചക്കറി വില്‍ക്കുന്ന മറുനാട്ടിലെ വന്‍കിടക്കാരും ചെറുകിടക്കാരുമൊക്കെ രണ്ടുതരത്തിലുള്ള കൃഷിയാണ് ചെയ്യുന്നത്. ഒന്ന് പരമാവധി കീടനാശിനിയടിച്ച്, രാസവളം ചേര്‍ത്ത കൃഷി. അത് നമുക്ക് വിലയ്ക്ക് തരാനുള്ളതാണ്. മറ്റൊന്ന്, ഇതൊന്നും ചേര്‍ക്കാതെയോ, മിതമായി മാത്രം ചേര്‍ത്തോ ഉള്ള കൃഷി. അത് അവരുടെ സ്വന്തം ആവശ്യത്തിനും. ജീവകുലത്തോടുള്ള പണ്ടത്തെ കര്‍ഷകന്റെ ആശങ്ക ഇന്നുണ്ടായിരുന്നെങ്കില്‍ ഈ വേര്‍തിരിവ് കാട്ടുമായിരുന്നില്ല.
കീടനാശിനിയുടെ അളവ് 200 ഇരട്ടി!
അതിര്‍ത്തികടന്ന് കേരളത്തിലെത്തുന്ന കറിവേപ്പില, പുതിനയില, മല്ലിയില, പച്ചമുളക്, കാപ്‌സിക്കം, സാമ്പാര്‍ മുളക്, കാരറ്റ്, വെണ്ടക്ക, കോളിഫ്ലവര്‍, റാഡിഷ്, കാബേജ്, പയര്‍, പാവയ്ക്ക, വഴുതന തുടങ്ങിയ പച്ചക്കറികളിലൂടെ നമ്മുടെ ഉള്ളിലെത്തുന്നത് ക്ലോര്‍പൈറിഫോസ്, െപ്രാഫെനോഫോസ്, ട്രയാസോഫോസ്, ക്യുനാല്‍ഫോസ്, എത്തയോണ്‍, മീഥൈല്‍ പാരതയോണ്‍, സൈപ്പര്‍മെത്രിന്‍, സൈഹലോത്രിന്‍, ഫെന്‍വാലറേറ്റ് തുടങ്ങിയ കീടനാശിനികളാണ്. ഇവയില്‍ പലതും വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ളതും. 2013 ജനവരി ഒന്നുമുതല്‍ കാര്‍ഷിക സര്‍വകലാശാലയുടെ വെള്ളായണിയിലുള്ള 'കീടനാശിനി അവശിഷ്ട വിഷാംശ പരിശോധനാ ലബോറട്ടറി'യില്‍ ആരംഭിച്ച വിഷപരിശോധനാ റിപ്പോര്‍ട്ടുകള്‍ വന്നുതുടങ്ങിയപ്പോഴാണ് ജനങ്ങളില്‍ ഒരു ന്യൂനപക്ഷത്തിന് വിഷാംശത്തിന്റെ അളവിനെക്കുറിച്ചും മറ്റും ചെറുതായെങ്കിലും ബോധമുണ്ടായത്. സംസ്ഥാനത്ത് നിരോധിച്ചിട്ടുള്ള െപ്രാഫെനോഫോസ് എന്ന കീടനാശിനി, യൂറോപ്യന്‍ യൂണിയന്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന പരിധിയേക്കാള്‍ 125 ഇരട്ടിവരെ കണ്ടെത്തിയപ്പോള്‍ മറ്റൊരു കീടനാശിനിയായ എത്തയോണ്‍ 200 ഇരട്ടിവരെയായിരുന്നു കണ്ടത്. സാന്ദ്രതയിലും അളവിലും വിഷാംശം ഏറ്റവും കൂടുതല്‍ കണ്ടത് പച്ചമുളക്, സാമ്പാര്‍ മുളക്, മല്ലിയില, പുതിനയില, കറിവേപ്പില എന്നിവയിലാണ്.
നിരോധിച്ച കീടനാശിനികള്‍ പേരുമാറ്റി കുപ്പിയിലാക്കി വില്‍ക്കുകയാണ് കേരളമുള്‍പ്പടെ എല്ലായിടത്തും. മറ്റു സംസ്ഥാനങ്ങളിലാണെങ്കില്‍ ഒരു നിയന്ത്രണവുമില്ല. മനുഷ്യന്റെ പ്രത്യുത്പാദനശേഷിയെ ബാധിക്കുന്നതും മാരകരോഗികളാക്കുന്നതുമായ ജീവനാശിനികളാണിവ. ഡി.ഡി.ടി., ബെന്‍സീന്‍ ഹെക്‌സാക്ലോറൈഡ്, എതിലിന്‍ ഡൈബ്രോമൈഡ്, ആല്‍ഡ്രിന്‍, എന്‍ഡ്രിന്‍, പാരക്വറ്റ്, ഡൈബ്രോമോക്ലോറോപ്രൊപ്പേന്‍, 2, 4, 5 ടി, ക്ലോര്‍ഡൈംഫോം, ഗാലിക്രോണ്‍, കാംഫെക്ലോര്‍, പെന്റാക്ലോറോഫിനോള്‍, ഈഥൈല്‍ പരാതയോണ്‍ തുടങ്ങിയവ ഇവിടെ നിരോധിച്ച കീടനാശിനികളാണ്. ഇവയും വിദേശത്ത് നിരോധനമുള്ളവയും ഉള്‍പ്പെടെ അമ്പതിനായിരം ടണ്‍ കീടനാശിനിയാണ് ഓരോ വര്‍ഷവും നമ്മുടെ രാജ്യത്ത് ഉപയോഗിക്കുന്നത്.
Subscribe to:
Post Comments (Atom)
Post a Comment