വിഷമെന്നറിഞ്ഞിട്ടും പരിശോധനയില്ല
ന്യസംസ്ഥാനങ്ങളില്‍നിന്ന് ഏതൊക്കെ പച്ചക്കറികള്‍ എത്രയളവില്‍ കൊണ്ടുവരുന്നു, ഏത് പാടങ്ങളില്‍നിന്ന് വിളവെടുത്തതാണത്, ആരാണ് കൊണ്ടുവരുന്നത്, അവ അമിതമായി കീടനാശിനി അടിച്ചതാണോ തുടങ്ങി ഒരു കാര്യത്തിലും ഇവിടെ ആര്‍ക്കും ഒരറിവുമില്ല. ഇവിടത്തെ കച്ചവടക്കാരുടെ ആവശ്യമനുസരിച്ച് തമിഴ്‌നാട്ടിലെയും കര്‍ണാടകത്തിലെയും ഏജന്‍സികള്‍ ലോറിയില്‍ പച്ചക്കറി കയറ്റിവിടുന്നു. ആവശ്യക്കാരായ മൊത്തക്കച്ചവടക്കാരിലും അവിടെനിന്ന് ചെറുകിട കച്ചവടക്കാരിലും എത്തുന്നു. ഒരിടത്തും ഒരുതരത്തിലുമുള്ള പരിശോധനയുമില്ല.
കേരളത്തിലെ കടയില്‍ പരിശോധന നടത്തി ഏതെങ്കിലും പച്ചക്കറിയില്‍ വിഷാംശം കണ്ടെത്തിയാല്‍ത്തന്നെ അത് എവിടെനിന്ന് കൊണ്ടുവന്നതാണെന്നോ ഏത് കര്‍ഷകന്‍ വിളയിച്ചതാണെന്നോ അറിയാന്‍ കഴിയില്ല. അങ്ങനെ ഉറവിടം തേടിയുള്ള അന്വേഷണത്തെ സഹായിക്കുന്ന ഒന്നുമില്ല, ഇപ്പോഴത്തെ വില്പനസമ്പ്രദായത്തില്‍. തമിഴ്‌നാട്ടിലായാലും കര്‍ണാടകത്തിലായാലും കര്‍ഷകര്‍ കൊണ്ടുചെന്നെത്തിക്കുന്ന, അല്ലെങ്കില്‍ അവരുടെ പാടത്തുചെന്ന് വിളവെടുക്കുന്ന പച്ചക്കറികള്‍ ഒരിടത്ത് കൂട്ടിയിടുന്നു. ഇനം തിരിച്ചാണിത്. ഒരിടത്ത് വിവിധ കര്‍ഷകരുടെ വെള്ളരിക്കൂട്ടം. മറ്റൊരിടത്ത് വിവിധ കര്‍ഷകരുടെ ചീരക്കൂട്ടം. ഏത്, ആരുടേതെന്ന് തിരിച്ചറിയാനാവില്ല. വിഷമടിച്ചതാണെന്ന് കണ്ടെത്തിയാലും ഉത്തരവാദിയെ തിരിച്ചറിയാനാവാത്തതും ഇതുകൊണ്ടാണ്.
വിഷാംശം കലര്‍ന്ന ഭക്ഷ്യവസ്തു വില്‍ക്കുന്നത് കേരളത്തിലുള്‍പ്പെടെ ഏതുദേശത്തും കുറ്റകരമാണ്. പെട്ടിക്കടകള്‍ ഉള്‍പ്പെടെ കേരളത്തില്‍ എല്ലായിടത്തും വില്‍ക്കുന്ന പല പച്ചക്കറികളും പഴങ്ങളും വിഷാംശം കലര്‍ന്നതാണെന്ന് സംശയലേശമെന്യേ തെളിഞ്ഞിട്ടും ഇന്നത്തെ സാഹചര്യത്തില്‍ നടപടിയെടുക്കുക അസാധ്യം. രാവിലെ ചന്തയില്‍പോയി അന്നന്ന് വില്‍ക്കാനുള്ള പച്ചക്കറികള്‍ വാങ്ങിക്കൊണ്ടുവന്ന് ഗ്രാമങ്ങളിലെ കടയിലും വഴിയോരത്തും വില്പന നടത്തുന്ന സ്ത്രീകളടക്കമുള്ള കച്ചവടക്കാര്‍ ധാരാളമുണ്ട്. അവര്‍ക്കാര്‍ക്കും അറിയാനാവില്ല, ഏത് പച്ചക്കറിയില്‍ വിഷമുണ്ടെന്ന്. കീടനാശിനിവിഷം കലര്‍ന്നതാണ് അവര്‍ വില്‍ക്കുന്ന പച്ചക്കറികളെന്നുകാട്ടി അവരെ പിടികൂടിയാല്‍ത്തന്നെ, തങ്ങള്‍ അവ വാങ്ങുന്ന നഗരത്തിലെ കച്ചവടക്കാരന്റെ പേരാണ് പറയുക. ആ കച്ചവടക്കാരനും അറിയില്ല അത് ആര് ഉത്പാദിപ്പിച്ചവയാണെന്ന്. അങ്ങനെ ആ പച്ചക്കറി വന്ന വഴി തേടിപ്പോയാല്‍ എത്തുക തമിഴ്‌നാട്ടിലെയോ കര്‍ണാടകത്തിലെയോ ഒരു പച്ചക്കറി ശേഖരണ ശാലയിലാകും. അവിടെയാകട്ടെ അസംഖ്യം കര്‍ഷകരാണ് ഉത്പന്നങ്ങള്‍ വിറ്റിട്ടുണ്ടാവുക. അതിനപ്പുറത്തേക്കുള്ള യാത്ര അസാധ്യം.
ഇവിടെ പ്രോത്സാഹനം പ്രസംഗത്തില്‍മാത്രം
കേരളത്തില്‍ വാണിജ്യാടിസ്ഥാനത്തില്‍ പച്ചക്കറിക്കൃഷി നടത്തുന്ന ചുരുക്കം സ്ഥലങ്ങളിലെ സ്ഥിതിയും മെച്ചമല്ല. കീടനാശിനിപ്രയോഗം താരതമ്യേന കുറവാണിവിടെ. പക്ഷേ, വിളവെടുത്തുകഴിഞ്ഞാലുള്ള പ്രശ്‌നങ്ങള്‍ കര്‍ഷകനെ അടുത്ത കൃഷിയില്‍നിന്ന് പിന്തിരിപ്പിക്കും. മറ്റുസംസ്ഥാനങ്ങളില്‍ വിപണനത്തിന് കൃത്യമായ സംവിധാനമുണ്ട്. ഏജന്‍സികളുണ്ട്. സഹായിക്കാന്‍ സര്‍ക്കാറുമുണ്ട്. ഇവിടെയാകട്ടെ പ്രോത്സാഹനം പലപ്പോഴും വാക്കുകളിലും പ്രസംഗങ്ങളിലും മാത്രമാകും. വിപണിയില്‍ നല്ല വില കിട്ടിക്കൊണ്ടിരുന്നപ്പോഴാണ് വിളവെടുത്ത പടവലം മുഴുവന്‍ തെങ്ങിന്‍തടത്തിലിട്ട് പ്രതിഷേധിക്കേണ്ടിവന്നത്, കേരളത്തിലെ കര്‍ഷകന്. സംഭരിച്ചുകൊണ്ടുപോകാന്‍ ആരുമില്ലാത്ത അവസ്ഥയായിരുന്നു. സര്‍ക്കാര്‍ ഏജന്‍സിയായ ഹോര്‍ട്ടികോര്‍പ്പ് പച്ചക്കറി സംഭരിക്കുന്നുണ്ടെങ്കിലും ആ സംവിധാനം കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നില്ല. സംഭരിച്ചവയുടെ പണം യഥാസമയം കൊടുക്കാന്‍ പലപ്പോഴും ഹോര്‍ട്ടികോര്‍പ്പിന് കഴിയാതെ വരുന്നുണ്ടെന്ന് കര്‍ഷകര്‍ പരിതപിക്കുന്നു. പണം യഥാസമയം കിട്ടാതെ എങ്ങനെയാണവര്‍ക്ക് അടുത്ത കൃഷിക്കിറങ്ങാന്‍ കഴിയുക.
ഈ സാഹചര്യം തമിഴ്‌നാട്ടിലെ ഇടനിലക്കാര്‍ മുതലാക്കുന്നു. പാലക്കാട്ടെയും മറ്റ് അതിര്‍ത്തി പ്രദേശങ്ങളിലെയും കര്‍ഷകരില്‍നിന്ന് തുച്ഛമായ വിലയ്ക്ക് ഇവര്‍ പച്ചക്കറി വാങ്ങുകയും അതിര്‍ത്തി കടത്തിക്കൊണ്ടുപോയി അവിടെനിന്ന് കൂടിയ വിലയ്ക്ക് കേരളത്തിലെ കച്ചവടക്കാര്‍ക്കുതന്നെ വില്‍ക്കുകയും ചെയ്യുന്നു. രണ്ടുനിലയ്ക്ക് കൊള്ളലാഭം കൊയ്യലാണത്. ഇവിടെ പച്ചക്കറിക്ക് അനന്തമായ വിപണിസാധ്യതയുണ്ടായിട്ടും സര്‍ക്കാര്‍ നേരിട്ട് ശേഖരിക്കുന്നില്ല. തമിഴ്‌നാട്ടില്‍നിന്ന് കുറഞ്ഞ വിലയ്ക്ക് പച്ചക്കറി വാങ്ങി കേരളത്തില്‍ കൊള്ളലാഭത്തിന് വില്‍ക്കുന്ന ഏജന്‍സികളുമുണ്ട്. അവിടെനിന്ന് പച്ചക്കറിയെത്തിക്കുമ്പോള്‍ കിലോയ്ക്ക് ശരാശരി ഒരു രൂപ മാത്രമേ അധികം ചെലവാകുന്നുള്ളൂ. പക്ഷേ, പത്തും പതിനഞ്ചും രൂപയാണ് ഇവിടെ അധികം ഈടാക്കുക.
വിഷത്തില്‍ നിന്നകലണം പുതുവഴികള്‍ വേണം
പച്ചക്കറികളില്‍ കീടനാശിനി വിഷാംശം ഏറിവരുന്നതില്‍ ആശങ്കയുള്ള വലിയൊരു വിഭാഗമുണ്ട്. അവരുടെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ വലിയ ശ്രദ്ധയൊന്നും പിടിച്ചുപറ്റുന്നില്ല. പ്രോത്സാഹനവും കുറവ്. പക്ഷേ, അവരുടെ ആശങ്കയും അതിനെ ആധാരമാക്കിയുള്ള പ്രവര്‍ത്തനങ്ങളും പതുക്കെയെങ്കിലും കേരളത്തില്‍ വേരുപിടിച്ചുവരുന്നു എന്നത് ആശ്വാസകരമാണ്. അളവും മറ്റ് വിശദാംശങ്ങളുമൊന്നും അറിയില്ലെങ്കിലും പച്ചക്കറിയിലും പഴങ്ങളിലും കീടനാശിനി വിഷം കലര്‍ന്നിട്ടുെണ്ടന്ന് മിക്കവര്‍ക്കും അറിയാം. വിഷമില്ലാത്തവ കിട്ടണമെന്ന് അവര്‍ ആഗ്രഹിക്കുന്നുമുണ്ട്. രാസവളമോ രാസകീടനാശിനിയോ ഉപയോഗിക്കാതെ പച്ചക്കറി കൃഷിചെയ്യുന്നവരും ഈ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നവരുമുണ്ട്. തിരുവനന്തപുരത്തെ 'തണല്‍' ഉദാഹരണം.
പച്ചക്കറി നമുക്ക് ഉപയോഗിക്കാതിരിക്കാനാവില്ല. ഇപ്പോള്‍ വിപണിയില്‍നിന്ന് കിട്ടുന്നവ കീടനാശിനിവിഷം ഉള്ളവയും. എന്തുചെയ്യാനാവും നമുക്ക്. വിപണിയില്‍ കിട്ടുന്ന പച്ചക്കറി അതേ വിലയ്ക്ക് വിഷരഹിതമാക്കി നമ്മുടെ വീട്ടിലെത്തിയെങ്കില്‍... അതൊരു സ്വപ്നമാണ്. ആ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ നാളെ പലരും തയ്യാറായേക്കാം. എന്നാല്‍, ഇന്ന് അതിനുള്ള യത്‌നം ആരംഭിച്ചുകഴിഞ്ഞു, കൊച്ചി ആസ്ഥാനമായ 'സൈബീല്‍ ഹെര്‍ബല്‍ ലബോറട്ടറീസ്'. അവരുടെ 'സെയ്ഫ് ടു ഈറ്റ് വെജിറ്റബിള്‍സ്' പദ്ധതി ഈ മേഖലയിലെ ആദ്യത്തെ കാല്‍വെപ്പാകുന്നു.
സൈബീലിന്റെ യത്‌നം
ഇന്നത്തെ സാഹചര്യത്തില്‍ വിഷമില്ലാത്ത പച്ചക്കറി കിട്ടണമെങ്കില്‍ ചെയ്യേണ്ടത് ഇവയൊക്കെയാണ്:
1. നമുക്ക് ദൈനംദിനം ആവശ്യമുള്ള പച്ചക്കറികള്‍ നാം തന്നെ ഉത്പാദിപ്പിക്കുക (അതാണ് ഏറ്റവും നല്ല പരിഹാരം).
2. വിപണിയില്‍നിന്ന് കിട്ടുന്ന പച്ചക്കറികള്‍ ഒന്നോ രണ്ടോ മണിക്കൂറെടുത്ത് ശാസ്ത്രീയമായ രീതിയില്‍ കഴുകി വൃത്തിയാക്കി ഉപയോഗിക്കുക (ഇപ്പോള്‍ നാം വീടുകളില്‍ ചെയ്യുന്നതുപോലെ ഒന്നു കഴുകി മാത്രമെടുത്താല്‍ മനസ്സിനൊരു സുഖം കിട്ടുമെന്നല്ലാതെ അവയിലെ വിഷാംശമൊന്നും പോകില്ല).
3. ശാസ്ത്രീയമായി വൃത്തിയാക്കി, വിഷാംശം പൂര്‍ണമായും കളഞ്ഞ് പച്ചക്കറികള്‍ തരുന്ന സ്ഥാപനങ്ങളില്‍നിന്ന് അവ വാങ്ങുക (നിര്‍ഭാഗ്യവശാല്‍ അങ്ങനെയുള്ള സ്ഥാപനങ്ങള്‍ കേരളത്തിലില്ല).
4. ജൈവരീതിയില്‍ കൃഷിചെയ്യുന്ന ഉത്പന്നങ്ങള്‍ മാത്രം വില്‍ക്കുന്ന സ്ഥാപനങ്ങളില്‍നിന്ന് പച്ചക്കറി വാങ്ങുക (തിരുവനന്തപുരത്തെ 'തണല്‍' പോലുള്ള സംഘടനകള്‍ ഉദാഹരണം. പക്ഷേ, അവ അധികമില്ലല്ലോ).
കാര്‍ഷിക സര്‍വകലാശാല ഏറെക്കാലത്തെ ഗവേഷണങ്ങള്‍ക്കുശേഷം, പച്ചക്കറികള്‍ വൃത്തിയാക്കി, കീടനാശിനി വിഷത്തിന്റെ അളവ് കുറയ്ക്കാനുള്ള വിദ്യ രൂപപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തില്‍ പച്ചക്കറികള്‍ വൃത്തിയാക്കുമ്പോള്‍ അവയിലെ വിഷാംശത്തിന്റെ തോത് മനുഷ്യന് ഉപയോഗിക്കാവുന്ന അളവില്‍ എത്തും. ഉപയോഗിക്കുന്നവര്‍ക്ക് ആരോഗ്യത്തിന് കുഴപ്പമൊന്നും ഉണ്ടാവുകയുമില്ല. കേരള കാര്‍ഷിക സര്‍വകലാശാലയുടെയും തായ്‌ലന്‍ഡ് കൃഷിവകുപ്പിന്റെയും സാങ്കേതിക സഹായത്തോടെയാണ് 'സെയ്ഫ് ടു ഈറ്റ് വെജിറ്റബിള്‍സ്' പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളതെന്ന് സൈബീല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ പി.എന്‍. ബാലറാം പറയുന്നു. കേരളത്തിനകത്തും പുറത്തുമുള്ള വലിയ കൃഷിക്കാരില്‍നിന്ന് പച്ചക്കറികള്‍ നേരിട്ടുകൊണ്ടുവന്ന് ശാസ്ത്രീയമായി വൃത്തിയാക്കി, വിഷാംശം കളഞ്ഞ് ഓരോ വീട്ടിലും ആവശ്യത്തിന് അവയെത്തിക്കുന്ന പദ്ധതിയാണിത്. ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച്, വളരെ വലിയ അളവില്‍ പച്ചക്കറികള്‍ വൃത്തിയാക്കി, പൊതുവിപണിയില്‍നിന്ന് കിട്ടുന്ന വിലയ്ക്കുതന്നെ ഓരോ വീട്ടിലും എത്തിച്ചുകൊടുക്കുകയാണ് ഉദ്ദേശ്യം.
വിഷമുക്തമെന്ന് എങ്ങനെ ഉറപ്പാക്കാം
പാകം ചെയ്യാനെടുക്കുമ്പോള്‍ ഏത് പച്ചക്കറിയും നാം നല്ലവണ്ണം കഴുകാറുണ്ട്. എന്നുവെച്ചാല്‍ കുറച്ചുനേരം ടാപ്പില്‍നിന്ന് വീഴുന്ന വെള്ളത്തിലോ പാത്രത്തില്‍ നിറച്ച വെള്ളത്തിലോ കഴുകും. ചിലര്‍ കുറേനേരം വെള്ളത്തില്‍ സൂക്ഷിച്ചിട്ടാകും കഴുകാനെടുക്കുക. കീടനാശിനി പ്രയോഗത്തെക്കുറിച്ച് കുറച്ചെങ്കിലും അറിവുള്ളവര്‍ മഞ്ഞള്‍പ്പൊടിയോ ഉപ്പോ കലര്‍ത്തിയ വെള്ളത്തില്‍ പച്ചക്കറി ഒന്നു കഴുകിയെടുത്താലായി. പക്ഷേ, ഈ കഴുകലില്‍ ഇപ്പോഴത്തെ വിഷപ്രയോഗത്തിന്റെ അംശങ്ങള്‍ പൂര്‍ണമായി പോകില്ല. കുറഞ്ഞത് ഒരു മണിക്കൂറെങ്കിലുമെടുത്ത് പ്രത്യേക സാധനങ്ങള്‍ ഉപയോഗിച്ച് പ്രത്യേക വിധത്തില്‍ നാലോ അഞ്ചോ തവണ കഴുകിയാല്‍ മാത്രമേ പച്ചക്കറിയിലെ വിഷാംശം, കഴിക്കാവുന്ന പരിധിക്ക് ഉള്ളിലാക്കാന്‍ സാധിക്കുകയുള്ളൂ. നമ്മുടെ ഇന്നത്തെ ജീവിതസാഹചര്യത്തില്‍ ഇത് സാധിക്കുകയില്ല. അതിരാവിലെ എഴുന്നേറ്റ് അടുക്കളയില്‍ കയറി വല്ലതും വെച്ചുണ്ടാക്കി, തിടുക്കപ്പെട്ട് ജോലിക്കുപോകുന്ന വീട്ടുകാരിക്കോ അടുക്കളയില്‍ പേരിന് സഹായിക്കാനെത്തുന്ന വീട്ടുകാരനോ അടുക്കളഭാഗത്തേക്ക് തിരിഞ്ഞുനോക്കാത്ത മക്കള്‍ക്കോ ഒന്നും ഇതിന് നേരമുണ്ടാവുകയുമില്ല.
സൈബീലിന് പച്ചക്കറികള്‍ പ്രോസസ് ചെയ്യാന്‍ ആവശ്യമായ സംവിധാനമുള്ള ഫാക്ടറിയുണ്ട്. ഈ ഫാക്ടറിയില്‍ അവ വൃത്തിയാക്കി, വിഷമുക്തമാക്കുന്ന പച്ചക്കറി ആഴ്ചയിലൊരിക്കല്‍ കൃഷിവകുപ്പിന്റെയും കാര്‍ഷിക സര്‍വകലാശാലയുടെയും പരിശോധനകള്‍ക്ക് വിധേയമാക്കും. പരിശോധനാഫലം സര്‍ക്കാര്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്യും. പച്ചക്കറികള്‍ വൃത്തിയാക്കി പാക്ക് ചെയ്യുന്നതിനുമുമ്പ് വീണ്ടും പരിശോധന നടത്തി പൂര്‍ണമായും വിഷമുക്തമാണെന്ന് ഉറപ്പുവരുത്താനുള്ള സംവിധാനവും ഫാക്ടറിയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വിലയിലെ വ്യത്യാസം
വലിയ കൃഷിയിടങ്ങളില്‍നിന്ന് നേരിട്ട് പച്ചക്കറികള്‍ കൊണ്ടുവന്ന് കൂടിയ അളവില്‍ പ്രോസസ് ചെയ്യുന്നതുകൊണ്ട് വിപണിവിലയ്ക്കുതന്നെ അവ കൊടുക്കാന്‍ കഴിയുമെന്നാണ് സൈബീല്‍ പറയുന്നത്. ഒരോ വീട്ടിലും ആഴ്ചയിലൊരിക്കല്‍ അവര്‍ക്കാവശ്യമുള്ള പച്ചക്കറികള്‍ എത്തിക്കും. പച്ചക്കറി വാങ്ങാനായി കടയില്‍ പോകണ്ട. ഓരോ വീട്ടിലും നിന്ന് 10 കിലോ വരെ 50 രൂപയും അതിനുമുകളില്‍ 75 രൂപയും പ്രതിമാസം സര്‍വീസ് ചാര്‍ജായി ഈടാക്കാനാണ് ഉദ്ദേശിക്കുന്നത്. പയര്‍, വെണ്ടക്ക, ബീന്‍സ്, മുരിങ്ങ, കാബേജ്, കാരറ്റ്, ഉരുളക്കിഴങ്ങ്, സവാള, തക്കാളി, ഇളവന്‍, മത്തന്‍, ചേന, വെള്ളരി, പടവലം, വഴുതന, കൊത്തമര, കോവയ്ക്ക, മുളക്, കറിവേപ്പില, നെല്ലിക്ക, പാവക്ക, ഇഞ്ചി, ഉള്ളി, വെളുത്തുള്ളി എന്നിവയാണ് തുടക്കത്തില്‍ വില്‍ക്കാന്‍ ഉദ്ദേശിക്കുന്നത്.
വിതരണത്തിന് എന്‍.എസ്.എസ്. വനിതാസംഘം
വിഷമുക്തമായ പച്ചക്കറികള്‍ വീടുകളിലെത്തിക്കാന്‍ നായര്‍ സര്‍വീസ് സൊസൈറ്റിയുടെ വനിതാസംഘങ്ങളാണ് സൈബീലിന്റെ പദ്ധതിയില്‍ പങ്കാളികളാവുക. വീടുകളില്‍ ആഴ്ചയിലൊരിക്കല്‍ ആവശ്യമായ പച്ചക്കറികളുടെ ഓര്‍ഡര്‍ എടുക്കുന്നതും കൃത്യമായി അവ എത്തിക്കുന്നതും ഈ വനിതാ സംഘമാകും. എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലാണ് പദ്ധതി തുടക്കത്തില്‍ നടപ്പാക്കുക. അതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. സംഘത്തിലെ പ്രവര്‍ത്തകര്‍ അവര്‍ക്ക് ചുമതലയുള്ള പ്രദേശങ്ങളില്‍ വിഷവിമുക്ത പച്ചക്കറി വിതരണ പദ്ധതിയുടെ ലഘുലേഖ നല്‍കി വീട്ടുകാര്‍ക്ക് കാര്യങ്ങള്‍ വിശദീകരിച്ചുകൊടുക്കും. ഓരോ വീട്ടില്‍നിന്നും ആവശ്യമുള്ള പച്ചക്കറികളുടെ പട്ടിക ഓര്‍ഡര്‍ ഫോറത്തില്‍ എടുക്കും. തുടക്കത്തില്‍ ആഴ്ചയില്‍ ഒരിക്കലേ ഒരു പ്രദേശത്ത് വിതരണമുണ്ടാവൂ. അതിനാല്‍ ഒരാഴ്ചത്തേക്ക് വീട്ടില്‍ ആവശ്യമുള്ള പച്ചക്കറികളുടെ പട്ടികയാണ് എടുക്കേണ്ടത്. ഒരോ വീട്ടിലും നിന്ന് തുടക്കത്തില്‍ 500 രൂപ രജിസ്‌ട്രേഷന്‍ ഫീസായി ശേഖരിക്കും. ആദ്യത്തെ വിതരണത്തിന്റെ തുക അടുത്ത വിതരണത്തിലാണ് ഈടാക്കുക. വീട്ടുകാര്‍ കൊടുക്കുന്ന രജിസ്‌ട്രേഷന്‍ ഫീസിന്റെ അടിസ്ഥാനത്തില്‍ ആദ്യ ആഴ്ചയിലെ വിതരണം നടത്തുമെന്ന് സാരം. ഒരു പ്രദേശത്തുനിന്ന് ഓര്‍ഡര്‍ ലഭിച്ചാല്‍, ആവശ്യമായ പച്ചക്കറികള്‍ പാക്ക് ചെയ്ത് കമ്പനി വനിതാസംഘങ്ങള്‍ക്ക് എത്തിക്കും. ഓര്‍ഡര്‍ അനുസരിച്ച് അവ വീടുകളിലെത്തിക്കേണ്ട ചുമതല സംഘങ്ങള്‍ക്കാണ്.
സംഘങ്ങള്‍ക്കുള്ള സാമ്പത്തികനേട്ടം
നാടിന്റെ ഇപ്പോഴത്തെ ദുര്യോഗം മാറ്റാനുള്ള വലിയൊരു സാമൂഹിക പദ്ധതിയില്‍ കണ്ണികളാവുകയാണ് എന്‍.എസ്.എസ്. വനിതാസംഘവും അതിലെ അംഗങ്ങളും. നാലംഗങ്ങളുള്ള ഒരു കുടുംബം ആഴ്ചയില്‍ ഉദ്ദേശം 10 കിലോ പച്ചക്കറി വാങ്ങുന്നുണ്ടെന്നാണ് സൈബീലിന്റെ സര്‍വേയില്‍ കണ്ടെത്തിയത്. ഒരു സംഘം 500 വീടുകളില്‍ പച്ചക്കറി വിതരണം ചെയ്യുകയാണെങ്കില്‍ സംഘത്തിന്റെ സാമ്പത്തിക നേട്ടം അമ്പതിനായിരത്തോളം രൂപ വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. വിഷമുക്തമായ പച്ചക്കറികള്‍ വീടുകളിലെത്തിക്കാനുള്ള സംഘങ്ങളുടെ യത്‌നം മാതൃകാപരമാണെന്നാണ് എന്‍.എസ്.എസ്സിന്റെ കാഴ്ചപ്പാട്. ചില താലൂക്ക് യൂണിയനുകളില്‍ നിന്നാണ് ആദ്യം പദ്ധതിയുടെ നിര്‍ദേശം വന്നതെന്നും ആവശ്യമായ നിര്‍ദേശങ്ങള്‍ എന്‍.എസ്.എസ്. ആസ്ഥാനത്തുനിന്ന് നല്‍കുന്നുണ്ടെന്നും ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.
വിഷമുക്തമാക്കാം, പച്ചക്കറികള്‍
കടയില്‍നിന്ന് വാങ്ങുന്ന പച്ചക്കറികളെല്ലാം വിഷമുക്തമാക്കാനുള്ള വിദ്യ പ്രയോഗിക്കണം. അതിനായി വെള്ളായണി കാര്‍ഷിക കോളേജ് കീടനാശിനി അവശിഷ്ട വിഷാംശ പരിശോധനാ ലാബിലെ ഡോ. തോമസ് ബിജു മാത്യുവിന്റെ നേതൃത്വത്തിലുള്ള പരിശോധകസംഘത്തിന്റെ നിര്‍ദേശങ്ങള്‍ താഴെ ചേര്‍ക്കുന്നു. ഓരോ പച്ചക്കറിയിലും കണ്ടെത്തിയ വിഷാംശത്തിന്റെ വ്യത്യാസത്തിനനുസരിച്ചാണ് പ്രതിവിധി നിര്‍ദേശിച്ചിട്ടുള്ളത്.
1.പുതിനയില, കറിവേപ്പില, ചീര
വിനാഗിരി ലായനിയിലോ (20 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍) വാളന്‍ പുളി ലായനിയിലോ (20 ഗ്രാം വാളന്‍പുളി ഒരു ലിറ്റര്‍ വെള്ളത്തില്‍ പിഴിഞ്ഞ് അരിച്ചെടുത്തത്) പാക്കറ്റില്‍ കിട്ടുന്ന ടാമറിന്റ് പേസ്റ്റ് ലായനിയിലോ (രണ്ട് ടേബിള്‍ സ്പൂണ്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്തത്) കറിവേപ്പിലയും പുതിനയിലയും പത്തുമിനിറ്റ് മുക്കിവെച്ചശേഷം വെള്ളത്തില്‍ പലയാവര്‍ത്തി കഴുകുക. വെള്ളം വാര്‍ന്നുപോകാന്‍ സുഷിരങ്ങളുള്ള പാത്രത്തില്‍ ഒരു രാത്രി വെച്ചശേഷം ടിഷ്യൂ പേപ്പറിലോ ഇഴയകന്ന കോട്ടണ്‍ തുണിയിലോ പൊതിഞ്ഞ് പ്ലാസ്റ്റിക് കണ്ടെയ്‌നറില്‍ അടച്ച് ഫ്രിഡ്ജില്‍ സൂക്ഷിച്ച് ആവശ്യത്തിന് ഉപയോഗിക്കുക.
2.പച്ചമുളക്, സാമ്പാര്‍ മുളക്, കാപ്‌സിക്കം, കത്തിരി, തക്കാളി, ബീന്‍സ്, അമരക്ക
മേല്‍പ്പറഞ്ഞ ലായനിയില്‍ ഏതിലെങ്കിലും പത്തുമിനിറ്റ് മുക്കിവെക്കുക. വെള്ളത്തില്‍ പലവട്ടം കഴുകുക. വെള്ളം വാര്‍ന്നുപോകാന്‍
സുഷിരങ്ങളുള്ള പാത്രത്തില്‍ ഒരു രാത്രി െവച്ചശേഷം ഞെട്ട് അടര്‍ത്തിമാറ്റി കോട്ടണ്‍ തുണിയുപയോഗിച്ച് വെള്ളം തുടച്ചുകളഞ്ഞ് പ്ലാസ്റ്റിക് കണ്ടെയ്‌നറില്‍ അടച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കാം.
3. പടവലം, പയര്‍, നെല്ലിക്ക, കോവയ്ക്ക
വളരെ മൃദുവായ സ്‌ക്രാപ്്പാഡ് ഉപയോഗിച്ച് സൂക്ഷിച്ച് ഉരസി കഴുകുക. മേല്‍പ്പറഞ്ഞ ലായനിയില്‍ ഏതിലെങ്കിലും പത്തുമിനിറ്റ് മുക്കിവെച്ച്, വെള്ളത്തില്‍ പലവട്ടം കഴുകി, വെള്ളം തുടച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കാം.
4. മല്ലിയില
മല്ലിത്തണ്ടിന്റെ ചുവടുഭാഗം വേരോടെ മുറിച്ചുകളഞ്ഞശേഷം ടിഷ്യൂപേപ്പറിലോ ഇഴയകന്ന കോട്ടണ്‍ തുണിയിലോ പൊതിഞ്ഞ് പ്ലാസ്റ്റിക് പാത്രത്തില്‍ അടച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കുക. ഉപയോഗിക്കുന്നതിന് തൊട്ടുമുമ്പ് വിനാഗിരി ലായനിയിലോ ഉപ്പുലായനിയിലോ (20 ഗ്രാം ഉപ്പ് ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്തത്) പത്തുമിനിറ്റ് മുക്കിവെച്ചശേഷം പലയാവര്‍ത്തി കഴുകുക.
5. മുരിങ്ങ, കാരറ്റ്, ബീറ്റ്‌റൂട്ട്, റാഡിഷ്
പലപ്രാവശ്യം വെള്ളത്തില്‍ കഴുകിയശേഷം വെള്ളം വാര്‍ന്നുപോകാന്‍ സുഷിരങ്ങളുള്ള പാത്രത്തില്‍ ഒരു രാത്രി വെച്ചശേഷം കോട്ടണ്‍ തുണിയുപയോഗിച്ച് വെള്ളം തുടച്ചിട്ട് ഇഴയകന്ന കോട്ടണ്‍ തുണിയില്‍ പൊതിഞ്ഞ് ഫ്രിഡ്ജില്‍ സൂക്ഷിക്കാം. ഉപയോഗത്തിന് തൊട്ടുമുമ്പ് തൊലി നന്നായി ചുരണ്ടിക്കളഞ്ഞ്, ഒരിക്കല്‍ കൂടി കഴുകി പാകം ചെയ്യാം.
6. വെണ്ടക്ക, വഴുതന, വെള്ളരി, പാവക്ക, സലാഡ് വെള്ളരി, ചുരക്ക
തുണി കഴുകുന്ന ബ്രഷ് ഉപയോഗിച്ച് മൃദുവായി ഉരസി വെള്ളത്തില്‍ പല പ്രാവശ്യം കഴുകുക. വിനാഗിരി ലായനിയിലോ വാളന്‍ പുളി ലായനിയിലോ ടാമറിന്റ് പേസ്റ്റ് ലായനിയിലോ പത്തുമിനിറ്റ് മുക്കിവെക്കുക. കോട്ടണ്‍ തുണി ഉപയോഗിച്ച് വെള്ളം തുടച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കുക.
7. കോളിഫ്ലവര്‍
അടിയിലെ ഇലയും തണ്ടും വേര്‍പെടുത്തിയശേഷം കോളിഫ്ലവറിന്റെ ഇതളുകള്‍ ഓരോന്നായി മുറിച്ച് അടര്‍ത്തിയെടുക്കുക. അവ വിനാഗിരി ലായനിയിലോ ഉപ്പുലായനിയിലോ പത്തുമിനിറ്റ് മുക്കിവെച്ചശേഷം പലവട്ടം കഴുകുക. വെള്ളം വാര്‍ന്നുപോയശേഷം പ്ലാസ്റ്റിക് പാത്രത്തില്‍ അടച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കാം.
8. കാബേജ്
കാബേജിന്റെ ഏറ്റവും പുറമേയുള്ള മൂന്നോ നാലോ ഇതളുകള്‍ അടര്‍ത്തിക്കളഞ്ഞശേഷം വെള്ളത്തില്‍ പലവട്ടം കഴുകിയെടുത്ത് കോട്ടണ്‍ തുണികൊണ്ട് തുടച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കാം.
9. വെളുത്തുള്ളി, ചുവന്നുള്ളി, ഇഞ്ചി, ചേമ്പ്
ഉപയോഗിക്കുന്നതിന് തൊട്ടുമുമ്പ് തൊലി മുഴുവന്‍ പൊളിച്ചുകളഞ്ഞ് പലയാവര്‍ത്തി വെള്ളത്തില്‍ കഴുകി ഉപയോഗിക്കാം.
നമുക്കൊന്നു നോക്കിയാലോ?
പലരും പറയാറുണ്ട്, പച്ചക്കറിക്കൃഷി ചെയ്യാന്‍ താത്പര്യമുണ്ട്. പക്ഷേ, സ്ഥലവും സമയവുമില്ലെന്ന്. കൃഷിയോടുള്ള താത്പര്യക്കുറവ് മാത്രമാണ് ഈ പറച്ചിലിന്റെ പിന്നില്‍. വീട്ടില്‍ തങ്ങള്‍ക്ക് ആവശ്യമുള്ള പച്ചക്കറി നട്ടുണ്ടാക്കുന്നതിന് ഒരുപാട് സമയം ചെലവഴിക്കേണ്ട കാര്യമൊന്നുമില്ല. ടെറസ്സിലോ വീടിന്റെ ചുറ്റുവട്ടത്ത് ഇത്തിരി സ്ഥലത്തോ ബാല്‍ക്കണിയിലോ ഒക്കെ അത്യാവശ്യം കൃഷി ചെയ്യാവുന്നതേയുള്ളൂ. അത് വീട്ടിലെ മറ്റ് പ്രവൃത്തികള്‍ ചെയ്യുന്നതുപോലെയേ ഉള്ളൂ.
ചിലര്‍ പറയാറുണ്ട്, 'താത്പര്യത്തോടെ കൃഷി തുടങ്ങിയതാണ്. പക്ഷേ, കീടംവന്ന് എല്ലാം തിന്നു. അതുകണ്ടപ്പോള്‍ പിന്നെ മനസ്സുമടുത്തു. കീടനാശിനി ഉപയോഗിക്കാനും വയ്യ. പിന്നെന്താ ചെയ്യുക?'
ഇത്തരം ആശങ്കള്‍ ഏറെയാണ്. പക്ഷേ, അവയ്ക്ക് ഉത്തരവുമുണ്ട്. അവ ഇതാണ്:
* എവിടെനിന്ന് നല്ല വിത്തും തൈകളും കിട്ടും?
കൃഷിഭവനുകള്‍, കാര്‍ഷിക സര്‍വകലാശാല, കാര്‍ഷിക കോളേജുകള്‍, വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട്‌സ് പ്രൊമോഷന്‍ കൗണ്‍സില്‍, നല്ല കര്‍ഷകര്‍, കൃഷിവകുപ്പ് ഏജന്‍സികള്‍ തുടങ്ങി നമ്മുടെ ചുറ്റുവട്ടത്ത് എവിടെയെങ്കിലുമൊന്ന് അന്വേഷിച്ചാല്‍ നല്ല വിത്തും തൈകളും കിട്ടാന്‍ വഴികള്‍ ഏറെയാണ്. എങ്ങനെ ഓരോ ഇനവും കൃഷിചെയ്യണമെന്ന് പറഞ്ഞുതരാന്‍ കഴിയുന്നവരും ഇവിടെയുണ്ട്.
* കൃഷി നടത്താന്‍ വേണ്ടത്ര സ്ഥലമില്ല
നമ്മുടെ വീട്ടിലേക്ക് ആവശ്യമുള്ളവ ഉണ്ടാക്കിയെടുക്കാന്‍ അത്രയ്ക്ക് സ്ഥലമൊന്നും വേണ്ട. മട്ടുപ്പാവിലോ ബാല്‍ക്കണിയിലോ മതിലിന് പുറത്തോ ഒക്കെ ചട്ടിയിലും ചാക്കിലും പച്ചക്കറി നട്ടുണ്ടാക്കാം. വീടിനോട് ചേര്‍ന്ന് വളരെക്കുറച്ചേ സ്ഥലമുള്ളൂ എങ്കില്‍പ്പോലും അവിടെയുമാകാം. സൂര്യപ്രകാശം നന്നായി കിട്ടുന്ന സ്ഥലമാകണമെന്നേയുള്ളൂ.
* വളത്തിന് എന്തുചെയ്യും?
ചാണകപ്പൊടിയും ചാരവും വളമാണ്. അവ കിട്ടാന്‍ ബദ്ധിമുട്ടാണെങ്കില്‍ കൃഷിഭവനുകളിലോ മറ്റോ ചെന്നാല്‍ നല്ല ജൈവവളം കിട്ടും. വളംകടകളിലും ജൈവവളം ലഭിക്കും.
* കീടത്തെ തുരത്താന്‍ എന്തുചെയ്യും?
കാലാവസ്ഥയ്ക്ക് യോജിച്ച ഇനങ്ങള്‍ മാത്രം നടാം.
കൃഷി ചെയ്യുന്നതിനുമുമ്പ് ആ സ്ഥലത്തുള്ള പാഴ്വസ്തുക്കള്‍ കൂട്ടിയിട്ട് കത്തിക്കാം.
കൃഷി ചെയ്യുന്നതിന് 15 ദിവസം മുമ്പ് കുമ്മായം മണ്ണില്‍ ചേര്‍ത്താല്‍ ബാക്ടീരിയ മൂലമുണ്ടാകുന്ന വാട്ടം ചെറുക്കാം.
ഒരു സ്ഥലത്ത് ഒരേ വിള തുടരെ കൃഷിചെയ്യരുത്. ഒരിടത്ത് ഒരുപ്രാവശ്യം പയര്‍ നട്ടെങ്കില്‍ അവിടെ അടുത്തപ്രാവശ്യം പയറല്ലാതെ മറ്റെന്തെങ്കിലും നടാം.
രോഗം ബാധിച്ച ചെടികളുണ്ടെങ്കില്‍ അവയെ പറിച്ചെടുത്ത് നശിപ്പിച്ചുകളയാം. പ്രാണികളുടെ മുട്ട, പുഴു എന്നിവയെ കണ്ടാല്‍ അവയെ എടുത്ത് നശിപ്പിച്ചുകളയുക.
ജൈവ കീടനാശിനികളും ജീവാണുക്കളും യഥാസമയം കൃത്യമായ അളവില്‍ തളിച്ചുകൊടുത്താല്‍ കീടങ്ങളെ നിയന്ത്രിക്കാനാവും.
ചില ജൈവ കീടനാശിനികള്‍ തയ്യാറാക്കാം
1. വേപ്പെണ്ണ എമല്‍ഷന്‍ വെളുത്തുള്ളി മിശ്രിതം
60 ഗ്രാം ബാര്‍സോപ്പ് അരലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചെടുത്ത് അതില്‍ ഒരു ലിറ്റര്‍ വേപ്പെണ്ണ ചേര്‍ത്തിളക്കണം. ഇത് നാല്പതിരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് ചെടികളില്‍ തളിക്കാം.
2. പുകയില കഷായം
500 ഗ്രാം പുകയിലഞെട്ട് ചെറുതായി അരിഞ്ഞ് നാലര ലിറ്റര്‍ വെള്ളത്തില്‍ ഒരുദിവസം മുക്കിവെക്കുക. പുകയില പിഴിഞ്ഞ് ചണ്ടിമാറ്റുക. അരലിറ്റര്‍ വെള്ളത്തില്‍ നാല് ചെറിയ കട്ട ബാര്‍സോപ്പ് ചെറുതായി അരിഞ്ഞുചേര്‍ക്കുക. രണ്ട് ലായനിയും കൂട്ടിച്ചേര്‍ത്തിളക്കുക. ഈ പുകയിലക്കഷായം ഏഴിരട്ടി വെള്ളം ചേര്‍ത്ത് ചെടികളില്‍ തളിക്കാം.
3. നാറ്റപ്പൂച്ചെടി സോപ്പ് മിശ്രിതം
നാറ്റപ്പൂച്ചെടിയുടെ ഇലയും തണ്ടും ചതച്ച് 100 മില്ലി നീരെടുക്കുക. രണ്ടു ചെറിയ കട്ട ബാര്‍സോപ്പ് 50 മില്ലി വെള്ളത്തില്‍ ലയിപ്പിച്ച് നാറ്റപ്പൂച്ചെടി നീരില്‍ ഒഴിച്ചിളക്കുക. ഇത് പത്തിരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് ചെടിയില്‍ തളിക്കാം.
4. കിരിയാത്ത് എമല്‍ഷന്‍
കിരിയാത്ത് അഥവാ നിലവേപ്പ് ചെടിയുടെ ഇലയും ഇളംതണ്ടും അരച്ചെടുത്ത് 100 മില്ലി നീരെടുക്കുക. രണ്ടു ചെറിയ കട്ട ബാര്‍സോപ്പ് 50 മില്ലി വെള്ളത്തില്‍ ലയിപ്പിച്ച് അത് നീരില്‍ ഒഴിച്ചിളക്കുക. പത്തിരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് ഇലയുടെ രണ്ടുവശത്തും തളിക്കുക.
5. ഗോമൂത്രംകാന്താരിമുളക് ലായനി
ഒരു ലിറ്റര്‍ ഗോമൂത്രത്തില്‍ 10 ഗ്രാം കാന്താരി മുളക് അരച്ചുചേര്‍ത്ത് 10 ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് തളിക്കാം.
6. മഞ്ഞക്കെണി
ഒഴിഞ്ഞ ടിന്നുകളുടെ പുറംഭാഗത്ത് മഞ്ഞ പെയിന്റടിച്ചശേഷം ആവണക്കെണ്ണ പുരട്ടി കുത്തിനിര്‍ത്തിയാല്‍ വെള്ളിയീച്ചകള്‍ നിറത്തില്‍ ആകൃഷ്ടരായി ടിന്നില്‍ പറ്റിപ്പിടിക്കും. മഞ്ഞ പ്ലാസ്റ്റിക് ഷീറ്റിന്റെ രണ്ടുവശത്തും ആവണക്കെണ്ണ പുരട്ടിയും ഇതിനായി ഉപയോഗിക്കാം.
7. ചാണകപ്പാല്‍
200 ഗ്രാം പച്ചച്ചാണകം 10 ലിറ്റര്‍ വെള്ളത്തില്‍ കലക്കി അരിച്ചെടുത്ത് തളിച്ചാല്‍ ചെടിയിലെ ബാക്ടീരിയല്‍ രോഗത്തെ ചെറുക്കാം.
ജൈവകൃഷിക്ക് വിളവ് കുറയുമെന്നത് തെറ്റായ ധാരണയാണ്. വളര്‍ച്ചയെ സഹായിക്കുന്ന ത്വരകങ്ങള്‍ നമുക്ക് പ്രയാസമില്ലാതെ ഉണ്ടാക്കാം. അവയില്‍ ചിലത്:
1. ഫിഷ് അമിനോ ആസിഡ്
ചെറുതായി മുറിച്ച ഒരുകിലോ പച്ച മത്തിയും ഒരു കിലോ പൊടിച്ച ശര്‍ക്കരയും ചേര്‍ത്ത് വായു കടക്കാത്ത പാത്രത്തില്‍ 15 ദിവസം വെക്കുക. അതിനുശേഷം ഈ മിശ്രിതം രണ്ടു മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് പത്തു ദിവസത്തിലൊരിക്കല്‍ നാലില പ്രായം മുതല്‍ തളിക്കാം. ചെടിക്ക് നല്ല വളര്‍ച്ചയുണ്ടാകും. കായ്ഫലം കൂടും.
2. പഞ്ചഗവ്യം
അഞ്ച് കിലോ പച്ചച്ചാണകത്തില്‍ 500 ഗ്രാം നെയ്യ് ചേര്‍ത്ത് ഒരുദിവസം വെക്കണം. ഇതില്‍ നാല് ലിറ്റര്‍ ഗോമൂത്രം, അര ലിറ്റര്‍ പാല്‍, 500 ഗ്രാം നെയ്യ്, 500 ഗ്രാം തൈര്, രണ്ടു പാളയം കോടന്‍ പഴം എന്നിവ യോജിപ്പിച്ച് തണലില്‍ സൂക്ഷിക്കുക. ദിവസേന ഇളക്കുക. 15 ദിവസത്തിനുശേഷം പത്തിരട്ടി വെള്ളം ചേര്‍ത്ത് നാലില പ്രായം മുതല്‍ ആഴ്ചയിലൊരിക്കല്‍ തളിക്കാം. വിളവ് വളരെ വര്‍ധിക്കും. കീടനാശിനിയുമാണ്. ഇതൊക്കെ ഉണ്ടാക്കാന്‍ കുറച്ചു ശ്രമം മതി. വളരെ നാള്‍ ഉപയോഗിക്കാം.
മണ്ണിനെ കാക്കാം
ചവിട്ടിനില്‍ക്കുന്ന മണ്ണില്‍ വിഷം പുരട്ടിക്കൊണ്ടിരിക്കുകയാണ് നമ്മള്‍. ചെടിയുടെ വളര്‍ച്ചയെയും വിളകളുടെ ഉത്പാദനത്തെയും നിയന്ത്രിക്കുന്ന ഏറ്റവും പ്രധാന ഘടകമായ മണ്ണില്‍ രാസവസ്തുക്കളുടെ അനിയന്ത്രിതമായ പ്രയോഗമാണിന്ന്.
സുരക്ഷനല്‍കുന്ന, ഉപകാരികളായ സൂക്ഷ്മജീവികളുടെ എണ്ണം അനിയന്ത്രിതമായ രാസപ്രയോഗത്താല്‍ കുറഞ്ഞുവരുന്നു. 'കാര്യക്ഷമമായ സൂക്ഷ്മജീവികളുടെ പ്രയോഗം' (ഇഫക്ടീവ് മൈക്രോ ഓര്‍ഗാനിസംഅഥവാ ഇ.എം.) എന്ന സാങ്കേതികവിദ്യയിലൂടെ മണ്ണിലെ സൂക്ഷ്മജീവികളുടെ എണ്ണം കൂട്ടാം, മണ്ണിന്റെ ജീവന്‍ തിരിച്ചുപിടിക്കാം.
പച്ചക്കറിയില്‍ ഇപ്പോഴുള്ള കീടനാശിനി വിഷത്തിന്റെ പേര്, തോത്, അത് മാറ്റാനുള്ള വിദ്യ തുടങ്ങിയവ ഉള്‍പ്പെടുന്ന വെള്ളായണി കാര്‍ഷിക കോളേജ് കീടനാശിനി അവശിഷ്ട വിഷാംശ പരിശോധനാ ലാബിന്റെ റിപ്പോര്‍ട്ടുകള്‍ കേരളസര്‍ക്കാറിന്റെ www.kerala.gov.in വെബ്‌സൈറ്റില്‍ 'റിപ്പോര്‍ട്ട്‌സ് ആന്‍ഡ് മാന്വല്‍സ്' എന്ന ലിങ്കില്‍ ലഭിക്കും. വിപണിയില്‍ കിട്ടുന്ന പച്ചക്കറി അതേ വിലയ്ക്ക് വിഷരഹിതമാക്കി വീടുകളിലെത്തിക്കാന്‍ ശ്രമിക്കുന്ന സൈബീല്‍ ഹെര്‍ബല്‍ ലബോറട്ടറീസിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. വിലാസം: cybelesafenfresh.com
Next
This is the most recent post.
Previous
Older Post
Subscribe to:
Post Comments (Atom)
Post a Comment