GuidePedia

നമ്മുടെ ജനത്തിന് ഇഷ്ടമാണ് ജൈവപച്ചക്കറി.പച്ചക്കറിക്കൃഷിയോടും വല്ലാത്തൊരിഷ്ടമാണ്.അതിന്റെ ഗുണഗണങ്ങള്‍ വാഴ്ത്താനുംഅന്യദേശ പച്ചക്കറിയുടെ ദോഷങ്ങള്‍ പറഞ്ഞ്‌വിലപിക്കാനും ഇഷ്ടമാണ്. പക്ഷേ, കൃഷിചെയ്യില്ലെന്നുമാത്രം

ഓരോരുത്തരും ദിവസംതോറും 280 ഗ്രാം പച്ചക്കറിയെങ്കിലും കഴിക്കണമെന്നാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ്‌മെഡിക്കല്‍ സയന്‍സ് പറയുന്നത്. അതനുസരിച്ച് നമുക്ക് 25 ലക്ഷം ടണ്‍ പച്ചക്കറി ആവശ്യമാണ്. നാം ഉത്പാദിപ്പിക്കുന്നതോവെറും അഞ്ചുലക്ഷം ടണ്‍ മാത്രം. ബാക്കി മുഴുവന്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന്. പ്രതിവര്‍ഷം 1000 കോടിയോളം രൂപയാണ്
പച്ചക്കറികള്‍ക്കുവേണ്ടി നാം മറ്റ് സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നത്. അപമാനകരമാണ്, ഈ പരാശ്രിതത്വം


ചന്തയിലും തെരുവോരത്തെ ഉന്തുവണ്ടിയിലുംനിന്ന് വാങ്ങുന്ന കീടനാശിനിവിഷം കലര്‍ന്ന പഴങ്ങള്‍ മക്കളെ കുത്തിത്തീറ്റിക്കുന്ന എത്രയോ അച്ഛനമ്മമാരുണ്ട് നമ്മുടെ ചുറ്റുവട്ടത്ത്. എവിടെയാണ് അവ ഉത്പാദിപ്പിക്കുന്നതെന്നോ എന്താണ് അവയില്‍ തളിക്കുന്ന വിഷവസ്തുവെന്നോ എന്തളവില്‍ അത് പ്രയോഗിക്കുന്നുവെന്നോ അവര്‍ക്കറിയില്ല. ഏറ്റവും ദയനീയം, അതറിയാനുള്ള താത്പര്യമില്ല എന്നതാണ്. എത്രയോ മാധ്യമങ്ങള്‍, ശാസ്ത്രജ്ഞര്‍, സര്‍വകലാശാലകള്‍ അതേക്കുറിച്ച് പറഞ്ഞുകൊണ്ടേയിരിക്കുന്നു. സെമിനാറുകളും യോഗങ്ങളും ശില്പശാലകളും അതേക്കുറിച്ച് ചര്‍ച്ചചെയ്തുകൊണ്ടേയിരിക്കുന്നു. എന്നിട്ടും വലിയ മാറ്റമൊന്നും കാണുന്നില്ല. സര്‍ക്കാറും കാര്‍ഷിക സര്‍വകലാശാലയും കാര്‍ഷിക കോളേജുകളും മറ്റ് സര്‍ക്കാര്‍സര്‍ക്കാറിതര ഏജന്‍സികളും പതിവ് ബോധവത്കരണത്തിനപ്പുറം സമൂഹത്തെ പഠിപ്പിക്കാന്‍ തന്ത്രങ്ങളൊന്നും ആവിഷ്‌കരിക്കുന്നുമില്ല.
ഇഷ്ടമാണ്, പക്ഷേ...


കുറച്ചുമുമ്പ് ഒരു സിനിമ വന്നിരുന്നു. മഞ്ജുവാര്യര്‍ നായികയായ 'ഹൗ ഓള്‍ഡ് ആര്‍ യു'. നിരുപമ രാജീവ് എന്ന മഞ്ജുവിന്റെ കഥാപാത്രം പച്ചക്കറിക്കൃഷി നടത്തി വിജയിക്കുന്നുണ്ട്. അതിന്റെ പ്രാധാന്യത്തെ സിനിമ ജനത്തിനുമുന്നില്‍ കാട്ടിക്കൊടുക്കുന്നുമുണ്ട്. പ്രേക്ഷകരാകട്ടെ, കഥാപാത്രത്തെ വിട്ട് മഞ്ജുവിനെത്തന്നെ ജൈവകൃഷിയുടെ വക്താവായിക്കാണാനാണ് ഇഷ്ടപ്പെട്ടത്. അതിന്റെ പേരില്‍, കേരളത്തിലെ കുടുംബശ്രീയുടെ ജൈവകൃഷി പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറായി മഞ്ജു. നമ്മുടെ ജനത്തിന് ഇഷ്ടമാണ് ജൈവപച്ചക്കറി. പച്ചക്കറിക്കൃഷിയോടും വല്ലാത്തൊരിഷ്ടമാണ്. അതിന്റെ ഗുണഗണങ്ങള്‍ വാഴ്ത്താനും അന്യദേശ പച്ചക്കറിയുടെ ദോഷങ്ങള്‍ പറഞ്ഞ് വിലപിക്കാനും ഇഷ്ടമാണ്. പക്ഷേ, കൃഷിചെയ്യില്ലെന്നുമാത്രം.
ആണ്‍പെണ്‍ വ്യത്യാസമില്ലാതെ ആരോടും ചോദിച്ചുനോക്കൂ, 'കൃഷി ഇഷ്ടമാണോ' എന്ന്.
'കൃഷിയൊക്ക വലിയ ഇഷ്ടമാണ്. പക്ഷേ, സ്ഥലമില്ല, സമയവും. നട്ടിട്ടും ഫലമില്ല. മുഴുവന്‍ കീടങ്ങള്‍ കൊണ്ടുപോകും...' എന്നിങ്ങനെയൊക്കെയാകും മറുപടി.

കേരളത്തിന്റെ മണ്ണും പ്രകൃതിയും കാലാവസ്ഥയുമൊക്കെ ഒട്ടേറെ പച്ചക്കറിവിളകള്‍ക്ക് അനുകൂലമാണ്. ഇത്രമാത്രം അനുഗ്രഹിക്കപ്പെട്ട കാര്‍ഷികാന്തരീക്ഷം മറ്റെവിടെയെങ്കിലുമുണ്ടോ എന്ന് ആശ്ചര്യപ്പെടണം. ഒരുപിടി ചീരവിത്ത് പറമ്പിലേക്ക് വെറുതേ എറിഞ്ഞുകൊടുത്താല്‍ മതി. അതവിടെക്കിടന്ന് വളരും. മഴയില്ലെങ്കില്‍ അടുക്കളയില്‍നിന്ന് പാഴായിപ്പോകുന്ന വെള്ളം വല്ലപ്പോഴും തളിച്ചുകൊടുത്താല്‍ മാത്രം മതി. പരിചരണം കുറവാണെങ്കില്‍ കുറേയൊക്കെ കീടങ്ങള്‍ ഭക്ഷിക്കും. എന്നാലും വീട്ടിലേക്ക് ആവശ്യമായ ചീര ഇഷ്ടംപോലെ കിട്ടും. ഇത്രയ്ക്ക് ആയാസമില്ലാത്തതാണെങ്കില്‍പ്പോലും അതുചെയ്യാതെ, ചന്തയില്‍ കിട്ടുന്ന വിഷംതളിച്ച ചീര വാങ്ങുകയും അതിലെ വിഷാംശത്തെക്കുറിച്ച് ആശങ്കപ്പെടുകയും ആ ആശങ്ക നിലനിര്‍ത്തിക്കൊണ്ടുതന്നെ അത് ഭക്ഷിക്കുകയും ചെയ്യുന്ന ജനത ഇവിടെ മാത്രമേ കാണൂ.

വീട്ടുവളപ്പില്‍ ആരോടും ചോദിക്കാതെ വളര്‍ന്നുവരുന്ന പപ്പായത്തൈ നിഷ്‌കരുണം പറിച്ചുകളഞ്ഞ് അവിടെ ആന്തൂറിയത്തിന്റെ ചട്ടി കൊണ്ടുവെക്കുന്നവരും ഇവിടെ മാത്രം. നമ്മുടെ വീട്ടുവളപ്പുകളില്‍ സമൃദ്ധമായുണ്ടായിരുന്ന നാടന്‍ പച്ചക്കറികള്‍ നിത്യവഴുതനയും ചതുരപ്പയറും കോവലും കറിവേപ്പിലയും തഴുതാമയും തകരയും കൊഴുപ്പച്ചീരയും സാമ്പാര്‍ച്ചീരയും അടതാപ്പും കാച്ചിലും ചെറുകിഴങ്ങും തക്കാളിവഴുതനയും വാളമരയും... അങ്ങനെ അസംഖ്യം എണ്ണം വീടും നാടുമൊഴിഞ്ഞ് പൊയ്‌ക്കൊണ്ടേയിരിക്കുന്നു. പലതും പുതിയ തലമുറ കണ്ടിട്ടുപോലുമില്ല. 

ഞങ്ങള്‍ക്ക് ഇതുമതി


കൃഷിശാസ്ത്രജ്ഞരും കര്‍ഷകരും തമ്മില്‍ ഇന്നും വലിയ കൂട്ടൊന്നുമില്ല. പച്ചക്കറിക്കൃഷിയെ സംരക്ഷിക്കാന്‍, കൂടുതല്‍ ഫലവത്താക്കാന്‍ എവിടെയോ പഠനങ്ങളും ഗവേഷണങ്ങളും കണ്ടുപിടിത്തങ്ങളും നടക്കുന്നുണ്ട്. എന്നാല്‍, അതിന്റെ ഫലങ്ങള്‍ പൂര്‍ണതോതില്‍ കൃഷിയിടങ്ങളിലെത്തുന്നുണ്ടോ എന്ന് സംശയം.

ഒന്ന് മനസ്സുവെച്ചാല്‍ ആവശ്യമുള്ള ജൈവപച്ചക്കറികള്‍ ഏറ്റവും പരിമിതമായ സ്ഥലത്തുനിന്നുപോലും ഉണ്ടാക്കാന്‍ സാധിക്കുമെന്നതിന് കേരളത്തില്‍ മാതൃകകള്‍ അനവധിയാണ്. എത്രയോ വീടുകളില്‍ ടെറസിലെ പച്ചക്കറിക്കൃഷി വിജയകരമായി നടക്കുന്നു. വലിയ നഗരങ്ങളിലെ ചെറിയ വീടുകളില്‍പ്പോലും ഇത് സാധ്യമാകുന്നു. മറ്റ് ജോലികള്‍ക്കൊന്നും തടസ്സമുണ്ടാകാതെ കൃഷിചെയ്യാന്‍ കഴിയുമെന്നതിനും ഉദാഹരണങ്ങളേറെ. പക്ഷേ, ഒരുപാട് പ്രചാരണങ്ങള്‍ ഉണ്ടായിട്ടും പച്ചക്കറിക്കൃഷിയിലെ വിജയകഥകള്‍ അറിഞ്ഞിട്ടും ഭൂരിപക്ഷവും മാറിനില്‍ക്കുകയാണ്, 'ഞങ്ങള്‍ക്ക് വിഷം തീണ്ടിയ പച്ചക്കറി മതി' എന്നമട്ടില്‍.

ഇങ്ങനെയാണ് കാര്യങ്ങളുടെ പോക്ക് എങ്കില്‍ ഭക്ഷ്യസുരക്ഷ കേരളത്തിന്റെ ഏറ്റവും വലിയ തലവേദനയാകാന്‍ അധികകാലമൊന്നും വേണ്ട. ഭക്ഷ്യോത്പന്നങ്ങളുടെ ലഭ്യതയില്‍ വലിയ കുറവുണ്ടായിരിക്കുന്നു. ആശങ്കപ്പെടുംവിധം ആ കുറവിന്റെ വലിപ്പം കൂടുകയുമാണ്. കുതിച്ചുയരുന്ന വിലയും ഭക്ഷ്യസുരക്ഷയെ ബാധിക്കുന്നു. രാജ്യത്ത് ഏറ്റവും ഭക്ഷ്യസുരക്ഷയില്ലാത്ത സംസ്ഥാനമാണിന്ന് നമ്മുടേത്. ഉത്പാദനവും ഉപയോഗവും തമ്മിലുള്ള അന്തരം വളരെ വലുത്. അതും ഏറിവരുന്നു.

പഴവും പച്ചക്കറിയും സമൃദ്ധമായി ഉണ്ടാക്കിയിരുന്ന നാടായിരുന്നു, നമ്മുടേത്. പാടവും പറമ്പും വലിയ കൃഷിയിടങ്ങളാക്കിയ കര്‍ഷകര്‍ കച്ചവടത്തിനുവേണ്ടി വലിയതോതില്‍ ഇവ ഉത്പാദിപ്പിച്ചിരുന്നു. അതുകൂടാതെ മിക്കവാറും വീട്ടുകാര്‍ ദൈനംദിനം ആവശ്യമുള്ളവ വീട്ടുവളപ്പില്‍ത്തന്നെ നട്ടുവളര്‍ത്തുകയും ചെയ്തിരുന്നു. രണ്ടും വല്ലാതെ കുറഞ്ഞു. ഇനി, പഴയ സമൃദ്ധിയിലേക്ക് എത്തുമെന്നതിന്റെ സൂചനകളൊന്നും കാണാനുമില്ല.


അവര്‍ക്കറിയാം, നമ്മുടെ തൊടികള്‍ ശൂന്യമായെന്ന് 


ഒരുപാട് സാംസ്‌കാരികമുദ്രകളുണ്ട് കേരളത്തിന്. മിക്കതിന്റെയും അടിസ്ഥാനം കാര്‍ഷികസമൃദ്ധിയായിരുന്നു, അതിന്റെ ഉപോത്പന്നങ്ങളായിരുന്നു. ഒന്ന് പറമ്പിലേക്കിറങ്ങിയാല്‍ അന്നത്തെ ആഹാരത്തിനുള്ള വക റെഡി. സ്വന്തം പറമ്പിലെ വിളകള്‍കൊണ്ട് സദ്യതന്നെ ഒരുക്കാമായിരുന്നു. വളരെപ്പെട്ടെന്നാണ് ഈ കാര്‍ഷിക, ഭക്ഷ്യസംസ്‌കാരത്തിന് മാറ്റംവന്നത്. നമുക്ക് വേണ്ടത് നാംതന്നെ ഉണ്ടാക്കിയിരുന്ന ശീലം അപ്രത്യക്ഷമായി. മറുനാടുകളില്‍നിന്ന് പച്ചക്കറികയറ്റിയ ലോറികള്‍ നിരനിരയായി കേരളത്തിലെത്തി. എന്തെങ്കിലും കാര്യത്തിന് കേരളത്തോട് പ്രതിഷേധിക്കണമെങ്കില്‍ ഈ ലോറിവരവ് നിര്‍ത്തിവെച്ചാല്‍ മതിയെന്നായി, മറ്റ് സംസ്ഥാനങ്ങള്‍ക്ക്. അവര്‍ക്ക് നന്നായറിയാം, നമ്മള്‍ നമ്മുടെ തൊടികളെ ശൂന്യമാക്കിയിരിക്കുന്നുവെന്ന്.

ദഹനത്തിനും ശരീരവളര്‍ച്ചയ്ക്കും ആവശ്യമായ നാരുകളും ധാതുലവണങ്ങളും ജീവകങ്ങളും അടങ്ങിയതാണ് പച്ചക്കറികള്‍. ഓരോരുത്തരും ദിവസംതോറും 280 ഗ്രാം പച്ചക്കറിയെങ്കിലും കഴിക്കണമെന്നാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ സയന്‍സ് പറയുന്നത്. അതനുസരിച്ച് നമുക്ക് 25 ലക്ഷം ടണ്‍ പച്ചക്കറി ആവശ്യമാണ്. നാം ഉത്പാദിപ്പിക്കുന്നതോ വെറും അഞ്ചുലക്ഷം ടണ്‍ മാത്രം. ബാക്കി മുഴുവന്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന്. പ്രതിവര്‍ഷം 1000 കോടിയോളം രൂപയാണ് പച്ചക്കറികള്‍ക്കുവേണ്ടി നാം മറ്റ് സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നത്. അപമാനകരമാണ്, ഈ പരാശ്രിതത്വം.

കൃഷിവകുപ്പ് അടുത്തിടെ ഒരു പദ്ധതി നടപ്പാക്കിയിരുന്നു. പച്ചക്കറി നടാനുള്ള ഗ്രോബാഗ് തയ്യാറാക്കി ആവശ്യക്കാര്‍ക്ക് കൊടുക്കുന്ന പദ്ധതി. മണ്ണും വളവും നിറച്ച് പച്ചക്കറിത്തൈ നട്ടുപിടിപ്പിച്ചാണ് ഗ്രോബാഗുകള്‍ നല്‍കിയിരുന്നത്. തുച്ഛമായ പണം മുടക്കി ഇത് വാങ്ങി വീട്ടില്‍വെച്ചാല്‍ മാത്രംമതി. ആവശ്യത്തിന് വെള്ളമൊഴിച്ചുകൊടുക്കണം. പരിപാലനത്തിന് ഉദ്യോഗസ്ഥരുടെ സൗജന്യ ഉപദേശവും. ആവേശത്തോടെ ബാഗ് വാങ്ങി വീട്ടില്‍ കൃഷിതുടങ്ങിയവര്‍ ഏറെ. പക്ഷേ, ഭൂരിപക്ഷം ഇടങ്ങളിലും പിന്നീടൊന്നും നടന്നില്ല. തൈകള്‍ ബാഗില്‍നിന്ന് മുരടിച്ചു. ചിലത് അകാലത്തില്‍ കായ്ച്ച് വികൃതമായ കായ്കളുമായി അകാലചരമം പ്രാപിച്ചു. 'ഇതൊന്നും നടക്കില്ല' എന്നമട്ടില്‍ വീട്ടുകാര്‍ ആത്മഗതം നടത്തി അതിനെ വിസ്മരിച്ചു. വീടുകളുടെ പിന്നാമ്പുറങ്ങളില്‍ അനാഥമായി ഗ്രോബാഗുകള്‍. ഇതിനപ്പുറം എന്താ ചെയ്യുകയെന്ന് നിരാശയോടെ ചോദിക്കുന്നു, കൃഷിവകുപ്പുകാര്‍.

പ്രധാനമായും 12 ഇനം പച്ചക്കറികളാണ് കേരളത്തില്‍ ഉത്പാദിപ്പിക്കുന്നത്. അതിന്റെ അവാന്തരവിഭാഗങ്ങള്‍ വേറെ. മുപ്പത്തയ്യായിരത്തില്‍പ്പരം പച്ചക്കറിക്കര്‍ഷകര്‍ സംസ്ഥാനത്തുണ്ടെന്നാണ് ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന്റെ കണക്ക്. ഈ കര്‍ഷകര്‍ക്ക് കൃഷിയോഗ്യമായ 48,153 ഏക്കര്‍ ഭൂമിയുണ്ടെങ്കിലും കൃഷിക്കായി ഉപയോഗിക്കുന്നത് 17,472 ഏക്കറാണ്. കൈവശമുള്ള, ഉപയോഗയോഗ്യമായ ഭൂമിയുടെ 36.28 ശതമാനം മാത്രമേ അവര്‍ ഉപയോഗിക്കുന്നുള്ളൂ എന്ന് സാരം. ഇതില്‍നിന്നുള്ള അവരുടെ ശരാശരി വരുമാനം പ്രതിവര്‍ഷം സെന്റിന് 279 രൂപയും. പച്ചക്കറിയും പഴവും കേരളീയരുടെ നിത്യജീവിതത്തില്‍ ഒഴിവാക്കാനാവാത്തവയാണ്. അതുകൊണ്ടുതന്നെ അവയുടെ ഉത്പാദനത്തിന് ആവശ്യമായ സാഹചര്യം ഒരുക്കേണ്ടതും കര്‍ഷകരെ പ്രോത്സാഹിപ്പിക്കേണ്ടതും കേരളീയ സമൂഹത്തിന്റെ ഏറ്റവും വലിയ ഉത്തരവാദിത്വവുമാണ്.
Next
Newer Post
Previous
This is the last post.

Post a Comment

 
Top